തെരഞ്ഞെടുപ്പില്‍ ഡല്‍ഹി കോണ്‍ഗ്രസിനെ നയിക്കാന്‍ സിദ്ദു; പിസിസി അധ്യക്ഷനായേക്കും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസിന്റെ (ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) ഡല്‍ഹി അധ്യക്ഷനാകുമെന്ന് റിപ്പോര്‍ട്ടുകള്‍
തെരഞ്ഞെടുപ്പില്‍ ഡല്‍ഹി കോണ്‍ഗ്രസിനെ നയിക്കാന്‍ സിദ്ദു; പിസിസി അധ്യക്ഷനായേക്കും

ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസിന്റെ (ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) ഡല്‍ഹി അധ്യക്ഷനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും അധ്യക്ഷയുമായിരുന്ന ഷീല ദീക്ഷിത് മരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് സിദ്ദു ചുമതലയേല്‍ക്കാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കും. എതിരാളികളായ ബിജെപിയും ആംആദ്മി പാര്‍ട്ടിയും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇതോടെയാണ് ഡല്‍ഹി അധ്യക്ഷ സ്ഥാനത്തേക്ക് ഉടന്‍ തന്നെ ഒരാളെ അവരോധിക്കാനുള്ള പാര്‍ട്ടിയുടെ തിരക്കിട്ട ശ്രമം. 

പഞ്ചാബില്‍ അമരിന്ദര്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു സിദ്ദു. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം കാബിനറ്റില്‍ നിന്ന് രാജി വച്ചിരുന്നു. 

അധ്യക്ഷ സ്ഥാനമേറ്റെടുക്കണമെന്ന് സിദ്ദുവിനോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടതായും ആലോചിക്കാന്‍ സമയം അദ്ദേഹത്തിന് നല്‍കിയതായും സിദ്ദുവിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥാനം ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

മന്ത്രി സ്ഥാനം രാജിവച്ച സിദ്ദു ഇപ്പോള്‍ മിക്കവാറും സമയങ്ങളില്‍ അമൃത്സറിലെ വസതിയില്‍ തന്നെയാണ്. നിലവില്‍ പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും അദ്ദേഹം വഹിക്കുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com