ശബരിമല ന്യൂനപക്ഷ വിധി ഓര്‍മ്മിക്കണം; മഴ പെയ്യാന്‍ യജ്ഞം നടത്തുന്നതു തടയാനാകില്ലെന്ന് ഹൈക്കോടതി

മഴ പെയ്യാന്‍ യജ്ഞം നടത്തുന്നതു തടയാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി
ശബരിമല ന്യൂനപക്ഷ വിധി ഓര്‍മ്മിക്കണം; മഴ പെയ്യാന്‍ യജ്ഞം നടത്തുന്നതു തടയാനാകില്ലെന്ന് ഹൈക്കോടതി

ചെന്നൈ: മഴ പെയ്യാന്‍ യജ്ഞം നടത്തുന്നതു തടയാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി. നിലപാടിനെ ന്യായീകരിക്കാന്‍ ഹൈക്കോടതി ഉയര്‍ത്തിക്കാട്ടിയതാകട്ടെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ ന്യൂനപക്ഷവിധിയും. വിശ്വാസകാര്യങ്ങളില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് ശരിയല്ലെന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയാണു മദ്രാസ് ഹൈക്കോടതി ഇവിടെ ആശ്രയിച്ചത്.  

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ കൊടുംവരള്‍ച്ചയാണ്. നല്ല മഴകിട്ടാന്‍ യജ്ഞം നടത്തണമെന്ന് ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഭരണവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. തമിഴ്‌നാട് ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെന്റ് ആക്ടിന്റെ പരിധിയില്‍വരുന്ന ക്ഷേത്രങ്ങളില്‍ യജ്ഞം നടത്തണമെന്നായിരുന്നു സര്‍ക്കുലര്‍. ഈ നടപടി ചോദ്യം ചെയ്തു മക്കള്‍ സെയ്തി മയ്യം എഡയിറ്റര്‍ ഇ. അന്‍പഴകനും മറ്റും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിലപാട് സ്വീകരിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. യജ്ഞം നടത്തി മഴ പെയ്യിക്കാമെന്നു ശാസ്ത്രീയമായും മതപരമായും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍തന്നെ  യജ്ഞത്തിന് ആഹ്വാനം ചെയ്യുന്നത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കലാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.  എന്നാല്‍, പുരാതനകാലം മുതല്‍ ഈ യജ്ഞം നടത്താറുണ്ടെന്നും ഇത് മതമൈത്രിക്ക് എതിരല്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ബോധിപ്പിച്ചു. 

മതപരമായോ ശാസ്ത്രീയമായോ ഇത് ശരിയാണെന്നു കണ്ടുപിടിക്കേണ്ട ജോലി തങ്ങള്‍ക്കില്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്കു സ്ഥാനമില്ലെന്നും ഇന്ദു മല്‍ഹോത്രയുടെ വിധി പരാമര്‍ശിച്ചു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ യജ്ഞം നടത്തുന്നതു സമൂഹത്തിനു ദോഷകരമാകുമെന്നു കരുതാനാകില്ല. മതവിശ്വാസങ്ങളെ വേര്‍തിരിച്ചു കാണേണ്ടതുണ്ട്. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യം. ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com