ഹിന്ദി ഞങ്ങളുടെ മാതൃഭാഷയല്ല, നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാന്‍ നോക്കേണ്ട ; പ്രതിഷേധവുമായി മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന

പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും എംഎന്‍എസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ഹിന്ദി ഞങ്ങളുടെ മാതൃഭാഷയല്ല, നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാന്‍ നോക്കേണ്ട ; പ്രതിഷേധവുമായി മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന

മുംബൈ: പുതിയ വിദ്യാഭ്യാസ നയത്തിലൂടെ സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ മഹാരാഷ്ട്രയിലും പ്രതിഷേധം. രാജ് താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍സേനയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഹിന്ദി ഞങ്ങളുടെ മാതൃഭാഷ അല്ലെന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും എംഎന്‍എസ് നേതാവ് അനില്‍ ഷിദോര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും എംഎന്‍എസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹിന്ദി പഠനം നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രതിഷേധ ക്യാമ്പെയിനുകള്‍ ആരംഭിച്ചിരുന്നു. എന്ത് വില കൊടുത്തും അത്തരം നീക്കങ്ങളെ ചെറുക്കുമെന്ന് ഡിഎംകെ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും തുറന്നടിച്ചിരുന്നു.

പ്രതിഷേധം കടുത്തതിനെ തുടര്‍ന്ന് കരട് റിപ്പോര്‍ട്ട് മാത്രമാണ് പ്രസിദ്ധീകരിച്ചത്, ഔദ്യോഗിക തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നയവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ ഡോക്ടര്‍ കസ്തൂരി രംഗന്റെ നേതൃത്വത്തിലാണ് വിവാദമായ പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com