'വലിയ സഹായം'; കേരളത്തിന്റെ വെള്ളം വേണ്ടെന്ന നിലപാട് തിരുത്തി തമിഴ്‌നാട്, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ സഹകരിക്കണമെന്ന് ആവശ്യം

വരള്‍ച്ച നേരിടാന്‍ കേരളത്തില്‍ നിന്നുള്ള വെള്ളം വേണ്ടെന്ന നിലപാട് തിരുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ദിവസവും കേരളത്തില്‍ നിന്ന് ഇരുപത് ലക്ഷം ലിറ്റര്‍ ജലം ലഭിച്ചാല്‍ സഹായമാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്ര
'വലിയ സഹായം'; കേരളത്തിന്റെ വെള്ളം വേണ്ടെന്ന നിലപാട് തിരുത്തി തമിഴ്‌നാട്, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ സഹകരിക്കണമെന്ന് ആവശ്യം

ചെന്നൈ: വരള്‍ച്ച നേരിടാന്‍ കേരളത്തില്‍ നിന്നുള്ള വെള്ളം വേണ്ടെന്ന നിലപാട് തിരുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ദിവസവും കേരളത്തില്‍ നിന്ന് ഇരുപത് ലക്ഷം ലിറ്റര്‍ ജലം ലഭിച്ചാല്‍ സഹായമാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെള്ളം നല്‍കാനായി സന്നദ്ധത അറിയിച്ച കേരള മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും ഉടനെ തന്നെ പിണറായി വിജയന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. 

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന് വേണ്ടി ഡാം ശക്തിപ്പെടുത്താന്‍ വേണ്ടി തമിഴ്‌നാട് ശ്രമിക്കുമ്പോള്‍ കേരളം എതിര് നില്‍ക്കുകയാണെന്നും പളനസ്വാമി ആരോപിച്ചു. തങ്ങളോട് സഹകരിക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ ആവശ്യം തത്ക്കാലമില്ലെന്നായിരന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. ഇത് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് തിരുത്തി തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ജലക്ഷാമം കാരണം ചെന്നൈയിലെ സ്‌കൂളുകളും ഗസ്റ്റ് ഹൗസുകളും അടച്ചിടുകയാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് നമ്മുടെ ഓഫീസ് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത് എന്നായിരുന്നു കേരള മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വരള്‍ച്ചയാണ് തമിഴ്‌നാട്ടില്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലാണ് ഏറ്റവും വലിയ ജലക്ഷാമം അനുഭവപ്പെടുന്നത്. ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴല്‍, പൂണ്ടി, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങള്‍ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി. നെമ്മേലി, മിഞ്ചൂര്‍ എന്നിവിടങ്ങളിലെ കടല്‍വെള്ള ശുദ്ധീകരണ കേന്ദ്രങ്ങളില്‍നിന്നുള്ള 200 ദശലക്ഷം ലിറ്റര്‍ വെള്ളവും കടലൂര്‍ ജില്ലയിലെ വീരാനം തടാകത്തില്‍നിന്നുള്ള 150 ദശലക്ഷം ലിറ്റര്‍ വെള്ളവുമാണു നഗരത്തില്‍ ഒന്നിടവിട്ടദിവസങ്ങളില്‍ വിതരണംചെയ്യുന്നത്. 580 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണംചെയ്യുമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. ാധ്യമങ്ങള്‍ വിഷയം പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com