ആ യാത്ര ആത്മാവിനെ തൊട്ടറിയാനുളള അവസരം തേടി: കേദര്‍നാഥ് യാത്രയെക്കുറിച്ച് മോദി 

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയതിന് ശേഷം പുനരാരംഭിച്ച മന്‍കിബാത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം
ആ യാത്ര ആത്മാവിനെ തൊട്ടറിയാനുളള അവസരം തേടി: കേദര്‍നാഥ് യാത്രയെക്കുറിച്ച് മോദി 

ന്യൂഡല്‍ഹി:തന്റെ ആത്മാവിനെ തൊട്ടറിയാനുളള അവസരം തേടിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ കേദര്‍നാഥില്‍ പോയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയതിന് ശേഷം പുനരാരംഭിച്ച മന്‍കിബാത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ മോദി കേദര്‍നാഥ് സന്ദര്‍ശിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മോദി. എന്തിന് അവിടെ പോയി എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇതിനെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്കയുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു.

ആത്മാവിനെ തൊട്ടറിയാനുളള അവസരം തേടിയാണ് താന്‍ അവിടെ പോയതെന്ന് മോദി പറഞ്ഞു. സമൂഹത്തിന്റെ പ്രതിബിംബമാണ് മന്‍കിബാത്ത്. 130 കോടി ജനങ്ങളുടെ ശക്തിയും കഴിവുമാണ് ഇതില്‍ ദൃശ്യമാകുന്നത്. പുതിയ ഒരു ഇന്ത്യ  എന്ന ആവേശമാണ് ഇത് പ്രതിഫലിപ്പിച്ചതെന്നും മോദി പറഞ്ഞു.

അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനം കണക്കിലെടുത്ത് ഇതിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനും അദ്ദേഹം മറന്നില്ല. അടിയന്തരാവസ്ഥയ്ക്ക് എതിരെയുളള പോരാട്ടം രാഷ്ട്രീയ സര്‍ക്കിളുകളില്‍ മാത്രമായി ചുരുങ്ങിയിരുന്നില്ല. ജനങ്ങള്‍ ഒന്നടങ്കം ഇതില്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നതായി മോദി പറഞ്ഞു. ജനാധിപത്യം തിരിച്ചുപിടിക്കണമെന്ന തോന്നലായിരുന്നു ജനങ്ങള്‍ക്ക്. തങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട എന്തോ  എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്ന തോന്നലായിരുന്നു ജനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നതെന്നും മോദി പറഞ്ഞു.

രാജ്യം കടുത്ത വര്‍ശച്ച ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.  ജലസംരക്ഷണം രാജ്യത്തെ രക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹം ഒന്നടങ്കം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എല്ലാവരും ഒരുമിച്ച് നിന്നാല്‍ അസാധ്യമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com