അര്‍ധരാത്രി സത്യപ്രതിജ്ഞ;  പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

രണ്ട് മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു
അര്‍ധരാത്രി സത്യപ്രതിജ്ഞ;  പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

പനാജി; ഗോവ മുഖ്യമന്ത്രിയായി അര്‍ധരാത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പ്രമോദ് സാവന്ത്. മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് സാവന്ത് എത്തിയത്. പന്ത്രണ്ടു മണിയോടെയാണ് ഭൂരിപക്ഷം ഉന്നയിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. തുടര്‍ന്ന് രണ്ട് മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. 

മണിക്കൂറുകള്‍ നീണ്ട നാടകീയതയ്‌ക്കൊടുവിലാണ് സത്യപ്രത്ജ്ഞ. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ അടങ്ങുന്ന 12 അംഗ മന്ത്രിസഭയ്‌ക്കൊപ്പമാണ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. ഞായറാഴ്ചയാണ് മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ വിടപറഞ്ഞത്. അതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിരുന്നു. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ സഖ്യ കക്ഷികളുമായി നടത്തിയ ചര്‍ച്ച അര്‍ധരാത്രി വരെ നീളുകയായിരുന്നു. അവസാനം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ടതോടെയാണ് തീരുമാനമായത്.

മുഖ്യമന്ത്രി സ്ഥാനം ഉന്നയിച്ച് സഖ്യകക്ഷികളായ മഹാരാഷ്ട്ര വാദി ഗോമാതകും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ അവസാനം ബിജെപിയുടെ ആവശ്യം ഇരുകൂട്ടരും അംഗീകരിക്കുകയായിരുന്നു. രണ്ട് പാര്‍ട്ടിയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി. നേരിയ ഭൂരിപക്ഷമുള്ള ബിജെപി അട്ടിമറി ഭയന്നാണ് അര്‍ധരാത്രിയില്‍ തന്നെ സത്യപ്രതിജ്ഞ നടത്തിയത്. പരീക്കര്‍ മരിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് നടപടികള്‍ വേഗത്തിലാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com