കുമാരസ്വാമിയുടെ മകന് വെല്ലുവിളി ; സ്വതന്ത്രയായി സുമലത മാണ്ഡ്യയില്‍ 

എന്തിനാണ് ജെഡിഎസ് തന്നെ ഭയപ്പെടുന്നത് എന്ന് സുമലത ചോദിച്ചു
കുമാരസ്വാമിയുടെ മകന് വെല്ലുവിളി ; സ്വതന്ത്രയായി സുമലത മാണ്ഡ്യയില്‍ 

ബംഗലൂരു : മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യയും സിനിമാ നടിയുമായ സുമലതയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. സുമലത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. മാണ്ഡ്യ ലോക്‌സഭ സീറ്റില്‍ സ്വതന്ത്രയായിട്ടാണ് സുമലത ജനവിധി തേടുക. വാര്‍ത്താസമ്മേളനത്തിലാണ് സുമലത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. 

തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കാനില്ലെന്ന് സുമലത പറഞ്ഞു. എന്തിനാണ് ജെഡിഎസ് തന്നെ ഭയപ്പെടുന്നത് എന്ന് സുമലത ചോദിച്ചു. അതേസമയം സ്വതന്ത്രയായി മല്‍സരിക്കുന്ന സുമലതയെ ബിജെപി പിന്തുണച്ചേക്കുമെന്നാണ് സൂചന. സുമലതയ്ക്ക് നല്‍കുന്നതിനായി കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജെഡിഎസിനോട് മാണ്ഡ്യ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാണ്ഡ്യയ്ക്ക് വേണ്ടി ജെഡിഎസ് കടുംപിടുത്തം തുടരുകയായിരുന്നു. ഇവിടെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജനഹിതം അറിയുന്നതിനായി സുമലതയും മകന്‍ അഭിഷേകും ഒരാഴ്ചയായി മണ്ഡലത്തിലൂടെ പര്യടനം നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം സുമലതയ്ക്ക് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇതേത്തുടര്‍ന്ന് സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ടൂറിസം മന്ത്രി എസ് ആര്‍ മഹേഷ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചെലുവരയ സ്വാമി സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സുമലതയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 20 ന് സുമലത നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണയെയും സുമലത സന്ദര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com