എനിക്ക് ദയാവധം അനുവദിക്കണം, 2000 രൂപ തിരികെ അയച്ച് കര്‍ഷകന്‍ ആവശ്യപ്പെടുന്നു

മുഖ്യമന്ത്രിക്ക് എന്നെ സഹായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, ദയാവധത്തിന് അനുവാദം നല്‍കണം
എനിക്ക് ദയാവധം അനുവദിക്കണം, 2000 രൂപ തിരികെ അയച്ച് കര്‍ഷകന്‍ ആവശ്യപ്പെടുന്നു

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും ലഭിച്ച 2000 രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് തിരികെ അയച്ച് കടക്കെണിയില്‍ വലയുന്ന കര്‍ഷകന്റെ പ്രതിഷേധം. 2000 രൂപയ്‌ക്കൊപ്പം അയച്ചിരിക്കുന്ന കത്തില്‍ തനിക്ക് ദയാവധം അനുവദിക്കണം എന്നും ആഗ്രയിലെ ഉരുളക്കിഴങ്ങ് കര്‍ഷകനായ പ്രതീപ് ശര്‍മ ആവശ്യപ്പെടുന്നു. 

മുഖ്യമന്ത്രിക്ക് എന്നെ സഹായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, ദയാവധത്തിന് അനുവാദം നല്‍കണം എന്നാണ് മുപ്പത്തിയൊന്‍പതുകാരനായ പ്രദീപ് ശര്‍മ പറയുന്നത്. 35 ലക്ഷം രൂപയുടെ കടമാണ് ഈ കര്‍ഷകനുള്ളത്. 

2016ല്‍ കൃഷി നഷ്ടത്തിലായതിന് പിന്നാലെ ജില്ലാ ഭരണകൂടത്തെ സഹായത്തിനായി ഞാന്‍ സമീപിച്ചു, പിന്നാലെ സംസ്ഥാന സര്‍ക്കാരിന് മുന്നിലും സഹായം തേടി പോയി. 2018 ഡിസംബറില്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ കാണുന്നതിനായി ഞാന്‍ ഡല്‍ഹിയില്‍ പോയി. എന്നാല്‍ അവിടെ നിന്നും ഒരു സഹായവും ലഭിച്ചില്ല. കടക്കെണിയലകപ്പെട്ട ബന്ധു 2015ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്ക് കര്‍ഷകര്‍ നേരിടുന്ന കടക്കെണിയുടെ പ്രശ്‌നം ഞാന്‍ എത്തിച്ചു. പക്ഷേ ഫലമുണ്ടായില്ല. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മഹാരാഷ്ട്രയില്‍ നിന്നുമുള്ള ഒരു ഉള്ളി കര്‍ഷകന്‍ കൃഷിയില്‍ നിന്നുമുള്ള തന്റെ വേതനമായ 1,064 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചിരുന്നു. 750 കിലോഗ്രാം ഉള്ളി വിറ്റപ്പോഴായിരുന്നു കര്‍ഷകന് 1,064 രൂപ ലഭിച്ചത്. ആറ് രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് അയച്ച് ഉള്ളി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയില്‍ ഒരു കര്‍ഷകന്‍ പ്രതിഷേധം അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com