ബിജെപിയായ അച്ഛനും കോണ്‍ഗ്രസായ മകനും നേര്‍ക്കുനേര്‍; ഉത്തരാഖണ്ഡില്‍ തീപാറും പോരാട്ടം 

അച്ഛനും മകനും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങിയ ഉത്തരാഖണ്ഡിലെ പൗരി ഗാര്‍വാള്‍ മണ്ഡലം രാജ്യശ്രദ്ധ ആകര്‍ഷിക്കുന്നു
ബിജെപിയായ അച്ഛനും കോണ്‍ഗ്രസായ മകനും നേര്‍ക്കുനേര്‍; ഉത്തരാഖണ്ഡില്‍ തീപാറും പോരാട്ടം 

ഡെറാഡൂണ്‍: അച്ഛനും മകനും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങിയ ഉത്തരാഖണ്ഡിലെ പൗരി ഗാര്‍വാള്‍ മണ്ഡലം രാജ്യശ്രദ്ധ ആകര്‍ഷിക്കുന്നു.ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി പൗരി ഗാര്‍വാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പൗരി ഗാര്‍വാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി സി ഖണ്ഡൂരി ഇത്തവണ മത്സരത്തിന് ഇല്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ മനസ് മകനൊപ്പമോ അതോ സ്വന്തം പാര്‍ട്ടിയായ ബിജെപിക്ക് ഒപ്പമോ എന്ന ചോദ്യവും ഉയരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയിലാണ് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അച്ഛന്റെ എല്ലാവിധ അനുഗ്രഹാശിസ്സുകളും തനിക്കുണ്ടെന്നാണ് മനീഷ് ഖണ്ഡൂരി പ്രതികരിച്ചത്. ബി സി ഖണ്ഡൂരിക്ക് ഉത്തരാഖണ്ഡിലുളള ജനപ്രീതി പ്രയോജനപ്പെടുത്താനുളള ശ്രമത്തിലാണ് ഇരുപാര്‍ട്ടികളും. ബി സി ഖണ്ഡൂരിയുടെ മകന്‍ എന്ന നിലയില്‍ വോട്ടു പിടിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം  പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് ബി സി ഖണ്ഡൂരി എന്ന് ചൂണ്ടിക്കാട്ടി വോട്ടുകള്‍ ഉറപ്പിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു.

ഉത്തരാഖണ്ഡിലെ അഞ്ചു സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതില്‍ മനീഷ് ഖണ്ഡൂരിയുടെ പേരും ഇടംപിടിച്ചേക്കുമെന്നാണ് അറിയുന്നത്. അതേസമയം അച്ഛനും മകനും തമ്മിലുളള  പോരാട്ടം എന്ന തരത്തിലുളള പ്രചാരണങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ബി സി ഖണ്ഡൂരി. കോണ്‍ഗ്രസില്‍ ചേരാനുളള തീരുമാനം മകന്റേതാണ്. താന്‍ ബിജെപിയില്‍ ശക്തനായ കാവലാളായി തുടരുമെന്നും ബി സി ഖണ്ഡൂരി പ്രതികരിച്ചു. അതേസമയം എതിരാളിയുടെ പക്ഷം ചേര്‍ന്ന് മകന്‍ മത്സരരംഗത്ത് നില്‍ക്കുന്നത് ബി സി ഖണ്ഡൂരിയെ പ്രതിസന്ധിയിലാക്കിയതായി സൂചനയുണ്ട്.

സൈന്യത്തില്‍ മേജര്‍ ജനറലായി വിരമിച്ച ബി സി ഖണ്ഡൂരി സത്യസന്ധതയുടെയും അച്ചടക്കത്തിന്റെയും പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. കേന്ദ്രമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി എന്നി നിലകളില്‍ അദ്ദേഹം കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com