വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ പൊട്ടിത്തെറി; 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു, സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം 

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്   അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള്‍ ബിജെപി വിട്ടു
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ പൊട്ടിത്തെറി; 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു, സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം 

ഇറ്റാനഗര്‍: ത്രിപുരയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് നേതാക്കളുടെ വന്‍ കൊഴിഞ്ഞുപോക്ക്. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്   അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള്‍ ബിജെപി വിട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത്.

അരുണാചല്‍ പ്രദേശില്‍ രണ്ട് മന്ത്രിമാരും ആറ് എംഎല്‍എമാരും ബിജെപി വിട്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മയുടെ നേതൃത്വത്തിലുളള പാര്‍ട്ടിയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി.  തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാന്‍ ഇവരെ പ്രേരിപ്പിച്ചത്.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ജാര്‍പൂം ഗാമ്ലിന്‍, ആഭ്യന്തര മന്ത്രി കുമാര്‍ വാലി, ടൂറിസം മന്ത്രി ജാര്‍കര്‍ ഗാമ്ലിന്‍ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസം 60 നിയമസഭ മണ്ഡലങ്ങളില്‍ 54 ഇടത്തേക്കുളള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. 

ഇതിന് പുറമേ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലെ ഒരു നിയമസഭാംഗവും 19 ബിജെപി നേതാക്കളും എന്‍പിപിയില്‍ ചേര്‍ന്നു. ബിജെപിയുമായി സഖ്യം ചേര്‍ന്ന്
മേഘാലയ ഭരിക്കുന്ന ഭരണകക്ഷിയാണ് നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടി. നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടി 40 ഇടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com