പോളിങ് വര്‍ധന നാമമാത്രം, അഞ്ചു ശതമാനം ഉയര്‍ന്നില്ലെങ്കില്‍ ഫലം മാറില്ല; വിജയം ഉറപ്പെന്ന് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന രണ്ടു ഘട്ടത്തിലും പോളിങ് ശതമാനം കാര്യമായി ഉയര്‍ന്നില്ലെങ്കില്‍ ബിജെപിയുടെ വിജയം ഉറപ്പെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന രണ്ടു ഘട്ടത്തിലും പോളിങ് ശതമാനം കാര്യമായി ഉയര്‍ന്നില്ലെങ്കില്‍ ബിജെപിയുടെ വിജയം ഉറപ്പെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പോളിങ് ശതമാനത്തില്‍ അഞ്ചു ശതമാനത്തിലേറെ വര്‍ധന ഉണ്ടായില്ലെങ്കില്‍ ഭരണകക്ഷിക്ക് അനുകൂലമായിരിക്കും വിധിയെഴുത്തെന്നാണ് മുന്‍ തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്തുകൊണ്ട് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഏഴു ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പില്‍ അഞ്ചു ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ശതമാനം പോളിങ് വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കാന്‍ തക്കതായ വര്‍ധനയല്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അഞ്ചു ശതമാനത്തിലേറെ പോളിങ് വര്‍ധന ഉണ്ടെങ്കില്‍ ഭരണവിരുദ്ധ വികാരം ഫലത്തില്‍ പ്രതഫലിക്കുമെന്നാണ് മുന്‍ തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍. 2014ല്‍ പോളിങ് കുത്തനെ ഉയര്‍ന്നതാണ് ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

മന്‍മോഹന്‍ സിങ് അധികാരം നിലനിര്‍ത്തിയ 2009ല്‍ 2004ലെ അപേക്ഷിച്ച് കാര്യമായ പോളിങ് വര്‍ധന ഉണ്ടായിട്ടില്ല. 58.07 ശതമാനമായിരുന്നു 2004ലെ പോളിിങ്. 2009ല്‍ അത് 58.21 ശതമാനമായി മാറി. ഫലത്തെ സ്വാധീനിക്കത്ത മാറ്റമൊന്നും ഇതില്‍ ഇല്ല. എന്നാല്‍ 2014ല്‍ പോളിങ് ശതമാനം 66.4 ശതമാനത്തില്‍ എത്തി. 8.23 ശതമാനത്തിന്റെ കുത്തനെയുള്ള വര്‍ധന. ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇത്. അതാണ് ബിജെപിക്കു വന്‍ മുന്നേറ്റമുണ്ടാക്കാന്‍ വഴിയൊരുക്കിയതെന്ന് നേതാക്കള്‍ പറയുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ പോളിങ് പാറ്റേണില്‍ വലിയ മാറ്റം പ്രകടമായിട്ടില്ല. അഞ്ചു ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ശതമാനത്തിന്റെ വര്‍ധനയാണ് പോളിങ്ങില്‍ ഉള്ളത്. അടുത്ത രണ്ടു ഘട്ടങ്ങളിലെ പോളിങ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബിജെപി നേതൃത്വം. അതില്‍ വലിയ കുതിപ്പിനു സാധ്യതയില്ലെന്നാണ് അവരുടെ വിലയിരുത്തല്‍. എട്ടരക്കോടി പുതിയ വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. അവരുടെ പിന്തുണ നരേന്ദ്രമോദി സര്‍ക്കാരിനു ലഭിക്കുമെന്നാണ് ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com