അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ പ്രശ്‌നമാകും, ഉപദേശമായി കണ്ടാല്‍ മതി; സംഘപരിവാര്‍ ഭീഷണി കാര്യമാക്കുന്നില്ലെന്ന് കമല്‍ ഹാസന്‍

തനിക്കെതിരെയുള്ള സംഘപരിവാര്‍ ഭീഷണി കാര്യമാക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍
അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ പ്രശ്‌നമാകും, ഉപദേശമായി കണ്ടാല്‍ മതി; സംഘപരിവാര്‍ ഭീഷണി കാര്യമാക്കുന്നില്ലെന്ന് കമല്‍ ഹാസന്‍

ചെന്നൈ: തനിക്കെതിരെയുള്ള സംഘപരിവാര്‍ ഭീഷണി കാര്യമാക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍. എല്ലാ മതത്തിലും തീവ്രവാദികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും കമലിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയത്തില്‍ നിലവാരം തീരെ കുറഞ്ഞു വരികയാണ്. എല്ലാ മതത്തിലും അവരവരുടേതായ തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. ചരിത്രം അതാണ് തെളിയിക്കുന്നത്. വിശുദ്ധി നേടിയവരാണെന്ന് നമുക്കാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോഡ്‌സെ പരാമര്‍ശത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നില്ല. അവര്‍ എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും.  ഇതൊരു മുന്നറിയിപ്പായി കാണേണ്ടതില്ല മറിച്ച് ഒരു ഉപദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെയാണെന്നുമുള്ള കമലിന്റെ പ്രസ്താവനയ്ക്ക് എതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തി. മതവികാരം വൃണപ്പെടുത്തി എന്ന പരാതിയില്‍ കമലിന് എതിരെ തമിഴ്‌നാട് പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

കമലിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് നേരെ അക്രമങ്ങളും നടന്നിരുന്നു. തിരുച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ അദ്ദേഹത്തിന് നേരെ കല്ലേറുണ്ടായി. മധുരയിലെ തിരുപ്പറന്‍കുന്‍ഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നേരെ ചെരുപ്പെറിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com