കര്‍ണാടകയില്‍ പുതിയ കരുനീക്കങ്ങള്‍; മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

പുതിയ കരുനീക്കങ്ങളുമായി സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രിപദം വെച്ചുമാറാനാണ് ആലോചന
കര്‍ണാടകയില്‍ പുതിയ കരുനീക്കങ്ങള്‍; മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

ബംഗലൂരു : ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് കര്‍ണാടക രാഷ്ട്രീയത്തില്‍ അലയൊലികള്‍ തുടങ്ങി. ബിജെപിയുടെ തേരോട്ടത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് ശക്തികേന്ദ്രങ്ങളെല്ലാം തകര്‍ന്നു. 28 സീറ്റില്‍ 25 ഉം നേടി ബിജെപി ശക്തി തെളിയിച്ചതോടെ, ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള നിലനില്‍പ്പും അപകടത്തിലായിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ പുതിയ കരുനീക്കങ്ങളുമായി സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രിപദം വെച്ചുമാറാനാണ് ആലോചന. കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദവും, ജെഡിഎസിന് ഉപമുഖ്യമന്ത്രി പദവും നല്‍കി സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനാണ് ഇരു പാര്‍ട്ടികളുടെയും ആലോചന. 

നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതോടെ ജെഡിഎസിന് മുഖ്യമന്ത്രി പദം വിട്ടുകൊടുത്തതില്‍ ഇടഞ്ഞുനില്‍ക്കുന്ന സിദ്ധരാമയ്യ ക്യാംപിനെ സമാശ്വസിപ്പിക്കാനാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. 

പുതിയ ഫോര്‍മുല ചര്‍ച്ച ചെയ്യുന്നതിനായി ജെഡിഎസ് നേതൃയോഗം ഇന്ന് ചേരുന്നുണ്ട്. ഇതിന് പിന്നാലെ ജെഡിഎസ് എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇരുയോഗങ്ങള്‍ക്കും ശേഷം തീരുമാനം അറിയിക്കാമെന്നാണ് ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. 

കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ തന്നെ ബിജെപിയില്‍ എത്തുമെന്ന് മുന്‍മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ, സംസ്ഥാന ഭരണം പിടിക്കുന്നതിന് രണ്ട് ദിവസത്തെ സാവകാശം ചോദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com