സത്യപ്രതിജ്ഞ വ്യാഴാഴ്ച; അമിത് ഷാ ധനമന്ത്രിയാവുമെന്ന് സൂചന, അരുണ്‍ ജയ്റ്റ്‌ലിയെ ഒഴിവാക്കും

ആഭ്യന്തര വകുപ്പ് രാജ്‌നാഥ് സിങ്ങിനു തന്നെയായിരിക്കും. സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാവില്ല
സത്യപ്രതിജ്ഞ വ്യാഴാഴ്ച; അമിത് ഷാ ധനമന്ത്രിയാവുമെന്ന് സൂചന, അരുണ്‍ ജയ്റ്റ്‌ലിയെ ഒഴിവാക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. 

ചൊവ്വാഴ്ച മോദി സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശിക്കും. ഇവിടെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും. ഇന്നു രാവിലെ മോദിയും അമിത് ഷായും മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയെ കണ്ടു. മുരളീ മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള നേതാക്കളെയും ഇവര്‍ സന്ദര്‍ശിക്കും.

അമിത് ഷാ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ധനവകുപ്പായിരിക്കും അമിത് ഷായ്ക്കു നല്‍കുക. മോശം ആരോഗ്യത്തെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ഒഴിവാക്കിയേക്കും. കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുമെങ്കിലും ബിജെപി അധ്യക്ഷപദവിയില്‍ തുടരാനുള്ള താത്പര്യം ഷാ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായി രാജ്‌നാഥ് സിങ് തന്നെ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വകുപ്പ് രാജ്‌നാഥ് സിങ്ങിനു തന്നെയായിരിക്കും. സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാവില്ല. 

മുതിര്‍ന്ന നേതാക്കളില്‍ രവിശങ്കര്‍ പ്രസാദിന്റെ വകുപ്പ് മാറുമെന്നാണ് അറിയുന്നത്. നിയമ മന്ത്രിയായി പുതിയ ഒരാളെ കൊണ്ടുവരുന്നതിനോടാണ് മോദിക്കു താത്പര്യം. പാര്‍ട്ടിയെ തിളങ്ങുന്ന വിജയത്തിലേക്ക് എത്തിച്ച അമിത് ഷാ ടീമിലെ പ്രധാനികളായ വിനയ് സഹസ്രബുദ്ധെ, ഭൂപേന്ദ്ര യാദവ് എന്നിവര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്താനിടയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com