മന്ത്രിമാര്‍ ആരൊക്കെ? തിരക്കിട്ട കൂടിയാലോചനകള്‍, കുമ്മനം ഡല്‍ഹിയില്‍; സത്യപ്രതിജ്ഞ വൈകിട്ട്

അരുണ്‍ ജയ്റ്റ്‌ലി ഒഴികെ കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരെല്ലാം ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തുന്നു -പിടിഐ
ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തുന്നു -പിടിഐ

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിലെ അംഗങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തി. കുമ്മനം മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്കു വയ്ക്കുന്നത്. അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാവും എന്നതില്‍ ഇനിയും വ്യക്തത വന്നില്ല.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. ഇന്നു രാവിലെയും നരേന്ദ്രമോദി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അനാരോഗ്യം മൂലം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച അരുണ്‍ ജയ്റ്റ്‌ലി ഒഴികെ കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരെല്ലാം ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ജയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന താത്പര്യം മോദി മുന്നോട്ടുവച്ചതായി സൂചനകളുണ്ട്. 

രാജ്‌നാഥ് സിങ്, നിതന്‍ ഗഡ്കരി, സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, പ്രകാശ് ജാവഡേക്കര്‍ തുടങ്ങി കഴിഞ്ഞ സര്‍ക്കാരില്‍ പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തവരെല്ലാം തുടരാനാണ് സാധ്യത. അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടാവുമോയെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അമിത് ഷാ സര്‍ക്കാരില്‍ ഉണ്ടാവില്ലെന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരെ അധ്യക്ഷ സ്ഥാനത്തു തുടരാനുള്ള ഷായുടെ താത്പര്യം അനുസരിച്ചാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കുമ്മനം രാജശേഖരനിലൂടെ രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യം ലഭിക്കുമെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷ. സത്യപ്രതിജ്ഞാ ചടങ്ങിനു പോകുന്നില്ലെന്നാണ് കുമ്മനം നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഇന്നു പുലര്‍ച്ചയെുള്ള വിമാനത്തില്‍ ഡല്‍ഹിക്കു തിരിക്കുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ്അംഗമായിരുന്ന രാജ്യസഭാംഗം അല്‍ഫോണ്‍സ് കണ്ണന്താനം ഇക്കുറി ഉണ്ടാവുമോയെന്ന് ഉറപ്പായിട്ടില്ല.

ശിവസേനയില്‍നിന്ന് അരവിന്ദ് സാവന്ത് മ്ന്ത്രിയാവുമെന്ന് പാര്‍ട്ടി അറിയിച്ചു. ജെഡിയുവിന് രണ്ടു മന്ത്രിസ്ഥാനം ഉണ്ടാവുമെന്നാണ് സൂചനകള്‍. യുപിയില്‍നിന്നുള്ള മുതിര്‍ന്ന അംഗം സന്തോഷ് ഗാംഗ്വാര്‍ പ്രോടം സ്പീക്കര്‍ ആവുമെന്നും വ്യക്തമായിട്ടുണ്ട്. 

സത്യപ്രതിജ്ഞയ്ക്കു മുമ്പായി പ്രധാനമന്ത്രി ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലും വാജ്‌പേയ് സമാധിയിലും പുഷ്പാര്‍ച്ചന നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com