രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; അമിത് ഷാ മന്ത്രിസഭയിലേക്കില്ല

ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്
രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; അമിത് ഷാ മന്ത്രിസഭയിലേക്കില്ല

ന്യൂഡല്‍ഹി; നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് ഏഴിന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. 

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, പ്രകാശ് ജാവദേകര്‍, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിംഗ് തോമാര്‍, അര്‍ജുന്‍ മേഖ്‌വാള്‍ എന്നിവര്‍ തുടരും. ഇവര്‍ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടാവില്ല. 


അതിനിടെ മന്ത്രിസഭയില്‍ കുമ്മനം രാജശേഖരന്‍ ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചതിനെ തുടര്‍ന്ന് കുമ്മനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. 

ബിംസ്‌റ്റെക് രാഷ്ട്രത്തലവന്മാരടക്കമുള്ള വിദേശപ്രതിനിധികള്‍ ചടങ്ങിനെത്തും. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും തിരഞ്ഞെടുപ്പുപരാജയത്തെത്തുടര്‍ന്ന് പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. ഒട്ടേറെ മുഖ്യമന്ത്രിമാരും എത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com