അമിത് ഷായ്ക്ക് ഏത് വകുപ്പ് ?; ഖജനാവിന്റെ താക്കോല്‍ ആര്‍ക്ക് ?; വകുപ്പ് വിഭജനത്തിലും സസ്‌പെന്‍സ് നിലനിര്‍ത്തി മോദി ; ആദ്യമന്ത്രിസഭായോഗം ഇന്ന്

മന്ത്രിസഭയില്‍ അപ്രതീക്ഷിതമായി ഇടംപിടിച്ച മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന് വിദേശകാര്യ വകുപ്പ് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്
അമിത് ഷായ്ക്ക് ഏത് വകുപ്പ് ?; ഖജനാവിന്റെ താക്കോല്‍ ആര്‍ക്ക് ?; വകുപ്പ് വിഭജനത്തിലും സസ്‌പെന്‍സ് നിലനിര്‍ത്തി മോദി ; ആദ്യമന്ത്രിസഭായോഗം ഇന്ന്

ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭായോഗം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിനാണ് യോഗം. മന്ത്രിമാരുടെ പേരുവിവരങ്ങള്‍ പോലെ വകുപ്പ് വിഭജനത്തിന്റെ കാര്യവും പ്രധാനമന്ത്രി അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടി മന്ത്രിയായതോടെ,  അദ്ദേഹത്തിന് ഏത് വകുപ്പ് നല്‍കും എന്നതും ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

അമിത് ഷാ ധനകാര്യമന്ത്രിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത, ബിജെപി മുന്‍ പ്രസിഡന്റ് രാജ്‌നാഥ് സിംഗിന് ആഭ്യന്തരം തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. മുന്‍ സര്‍ക്കാരില്‍ പ്രമുഖനായിരുന്ന അരുണ്‍ ജെയ്റ്റ് ലിയുടെ അഭാവത്തില്‍ ധനകാര്യവകുപ്പിന്റെ ചുമതല വിശ്വസ്തനായ അമിത് ഷായ്ക്ക് പ്രധാനമന്ത്രി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി സുരക്ഷാ കാര്യങ്ങള്‍ക്കുള്ള പ്രത്യേക മന്ത്രിസഭാ ഉപസമിതിയിലും അമിത് ഷായ്ക്ക് പങ്കാളിത്തം ലഭിക്കും.

മന്ത്രിസഭയില്‍ അപ്രതീക്ഷിതമായി ഇടംപിടിച്ച മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന് വിദേശകാര്യ വകുപ്പ് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യകരമായ കാരണങ്ങളാല്‍ സുഷമ സ്വരാജ് ഒഴിഞ്ഞ സാഹചര്യത്തിലാണ് ജയശങ്കറുടെ പേര് സുപ്രധാന വകുപ്പിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധവും, മോദിയുമായുള്ള അടുപ്പവും ജയശങ്കറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ കഴിഞ്ഞ സര്‍ക്കാരില്‍ വിദേശനയരൂപീകരണത്തിലും ജയശങ്കര്‍ മികച്ച പങ്കു വഹിച്ചിരുന്നു. 

നിലവിലെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതിരോധവകുപ്പില്‍ തുടര്‍ന്നേക്കും. അമേഠിയില്‍ രാഹുലിനെതിരെ അട്ടിമറി വിജയം നേടിയ സ്മൃതി ഇറാനിക്കും സുപ്രധാന വകുപ്പ് ലഭിച്ചേക്കും. ആര്‍എസ്എസ് പ്രത്യേകം ശ്രദ്ധയൂന്നുന്ന മാനവവിഭവശേഷി വകുപ്പിന്റെ ചുമതല പ്രകാശ് ജാവദേക്കര്‍ തുടരുമോ എന്നതിലും വ്യക്തതയില്ല. കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായ വി മുരളീധരന് ഏത് വകുപ്പിന്റെ ചുമതലയാകും ലഭിക്കുക എന്നതും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com