ജനങ്ങളെ മരണത്തിലേക്കു തള്ളിവിടലാണോ സര്‍ക്കാരുകളുടെ ജോലി?, മലിനീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ജനങ്ങളെ മരണത്തിലേക്കു തള്ളിവിടലാണോ സര്‍ക്കാരുകളുടെ ജോലി?, മലിനീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്തിയ സുപ്രീംകോടതി വായുമലിനീകരണം കുറയ്ക്കാന്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ലെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഡല്‍ഹിയില്‍ അതിരൂക്ഷമായ വായുമലിനീകരണമാണ് അനുഭവപ്പെടുന്നത്. ജനങ്ങള്‍ മാസ്‌ക് ധരിച്ചാണ് നിരത്തില്‍ ഇറങ്ങുന്നത്. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. വായുമലിനീകരണം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളെ മരണത്തിലേക്ക് തളളിവിടാനാണോ ശ്രമിക്കുന്നതെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും ദീപക് ഗുപ്തയും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ച് ചോദിച്ചു.

നഗരത്തിലെ വായുമലിനീകരണം പരിധി കടന്നിരിക്കുന്നു. ഇതില്‍ ഒരു ന്യായവുമില്ല. ഒരു മുറിയില്‍ പോലും സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. വീടുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗമാണ് ഇതുമൂലം നഷ്ടപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പരിതസ്ഥിതിയില്‍ എങ്ങനെയാണ് അതിജീവിക്കാന്‍ സാധിക്കുക. ഇത് അതിജീവനത്തിനുളള വഴിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വയ്‌ക്കോല്‍ കൂട്ടിയിട്ട് കത്തിക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. എല്ലാവര്‍ഷവും ഇത്തരം പ്രവൃത്തികള്‍ കുറയ്ക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഉണങ്ങിയ വയ്‌ക്കോല്‍ കൂട്ടിയിട്ട് കത്തിക്കുന്നത് കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പഞ്ചാബില്‍ വിള കത്തിക്കുന്നത് ഏഴു ശതമാനം വര്‍ധിച്ചതായും ഹരിയാനയില്‍ 17 ശതമാനം കുറഞ്ഞതായും അമിക്കസ് ക്യൂറി അപരാജിത സിങ് കോടതിയെ ബോധിപ്പിച്ചു. 

എല്ലാവര്‍ഷവും വായുമലിനീകരണം കൊണ്ട് നഗരം  ശ്വാസം മുട്ടുകയാണ്. എല്ലാവര്‍ഷവും പത്തു പതിനഞ്ച് ദിവസം ഇത് തുടരുന്നു. സാംസ്‌കാരികമായി ഏറെ മെച്ചപ്പെട്ട രാജ്യങ്ങളില്‍ ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ജീവിക്കാനുളള അവകാശം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com