മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; ശുപാര്‍ശയില്‍ പ്രസിഡന്റ് ഒപ്പുവെച്ചു, ശിവസേന സുപ്രീംകോടതിയില്‍

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; ശുപാര്‍ശയില്‍ പ്രസിഡന്റ് ഒപ്പുവെച്ചു, ശിവസേന സുപ്രീംകോടതിയില്‍

മുംബൈ:മഹാരാഷ്ട്രയില്‍ രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് 19ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന സഭയില്‍, സര്‍ക്കാര്‍ ഉണ്ടാക്കാനുളള നീക്കം ഫലം കാണാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നീട്ടിനല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയെ സമീപിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിക്ക് ഇന്ന് രാത്രി വരെ സമയം അനുവദിച്ചു നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിക്കുന്നതിന് മുന്‍പേയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുളള അസാധാരണ നടപടി ഗവര്‍ണര്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിച്ചു. രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരണത്തിനുളള ശ്രമത്തില്‍ നിന്ന് ബിജെപി പിന്മാറിയതിന് പിന്നാലെ ഇന്നലെ രാത്രിവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നു.എന്നാല്‍ പിന്താങ്ങുന്ന കക്ഷികളുടെ കത്ത് നല്‍കാന്‍ ശിവസേനയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് രണ്ടുദിവസം  കൂടി സമയം നല്‍കണമെന്ന ശിവസേനയുടെ ആവശ്യം തളളിയ ഗവര്‍ണര്‍ തൊട്ടടുത്ത വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിക്ക് നല്‍കിയ സമയപരിധി നിലനില്‍ക്കേയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.

സര്‍ക്കാര്‍ രൂപീകരണത്തിന് മതിയായ സമയം നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിവസേന സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ട് ദിവസം സമയം നല്‍കി. എന്നാല്‍ പിന്താങ്ങുന്ന കക്ഷികളുടെ കത്ത് സമര്‍പ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ഇവര്‍ പിന്മാറിയത്. എന്നാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 24 മണിക്കൂര്‍ മാത്രമാണ് നല്‍കിയതെന്ന് ശിവസേന ആരോപിക്കുന്നു. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തതാണ് ശിവസേന സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയായിരുന്നു. 288 നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണുളളത്. മുന്‍ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയ്ക്ക് 56 എംഎല്‍എമാരാണുളളത്. മുഖ്യമന്ത്രി പദവി തുല്യമായി പങ്കിടുന്നതിനെ ചൊല്ലി ശിവസേനയും ബിജെപിയും തമ്മിലുളള തര്‍ക്കമാണ് രാഷ്ട്രീയ പ്രതിസന്ധി നീളാന്‍ കാരണം.

ശിവസേന എന്‍സിപി സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസില്‍ ഏകദേശം ധാരണയായതാണ്. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഭിന്നത തുടരുന്നതുമൂലം കോണ്‍ഗ്രസിന് അന്തിമതീരുമാനം സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്‍സിപിക്ക് പിന്തുണ കത്ത് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com