പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുര്‍മന്ത്രവാദമാരോപിച്ച് ആറ് വയോധികരെ ആള്‍ക്കൂട്ടം മലം തീറ്റിച്ചു, പല്ല് അടിച്ചുകൊഴിച്ചു, ക്രൂര മര്‍ദനം; ഞെട്ടിക്കുന്ന സംഭവം 

ദുര്‍​മന്ത്രവാദമാരോപിച്ച് ആറു വയോധികരെ ആള്‍ക്കൂട്ടം ആക്രമിച്ചതായി പരാതി

ഭുവനേശ്വര്‍: ദുര്‍മന്ത്രവാദമാരോപിച്ച് ആറു വയോധികരെ ആള്‍ക്കൂട്ടം ആക്രമിച്ചതായി പരാതി. ജനമധ്യത്തില്‍ മലം തീറ്റിക്കുകയും പല്ല് അടിച്ചു കൊഴിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അടക്കം 29 പേരെ അറസ്റ്റ് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാര്‍പൂര്‍ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഗ്രാമത്തില്‍ സമീപ ദിവസങ്ങളിലുണ്ടായ മരണം അക്രമത്തിനിരയായവര്‍ ദുര്‍മന്ത്രവാദം ചെയ്തിട്ടാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. 60 വയസ്സ് പിന്നിട്ടവരാണ് ആക്രമണത്തിന് ഇരയായത്. 

കഴിഞ്ഞദിവസം രാത്രിയില്‍ ഇവരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ സ്ത്രീകളടങ്ങിയ ആള്‍ക്കൂട്ടം ഇവരെ വലിച്ചിഴച്ച് പുറത്തേക്കിറക്കി.തുടര്‍ന്ന് ബലം പ്രയോഗിച്ച് മലം തീറ്റിക്കുകയും വിസ്സമ്മതിച്ചപ്പോള്‍ അടിച്ച് പല്ല് കൊഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആരും ഇവരെ തടയാന്‍ ശ്രമിച്ചില്ല. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. 

മര്‍ദ്ദനമേറ്റ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് മൂന്നു സ്ത്രീകളുടെ മരണത്തിനും ഏഴുപേര്‍ രോഗബാധിതരാകുന്നതിനും കാരണം ഇവരുടെ മന്ത്രവാദമാണ് എന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആക്രമണമെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com