പൗരത്വ പട്ടികയില്‍ ഇടമുണ്ടാകില്ലെന്ന ഭയം; ബംഗാളിലെ ബിജെപി 'ഹനുമാന്‍' ആത്മഹത്യ ചെയ്തു

ബംഗാളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 'ഹനുമാന്‍' വേഷം ധരിച്ച് ബിജെപിയുടെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന നിഭാസ് സര്‍കാര്‍ സ്വയം ജീവനൊടുക്കി
പൗരത്വ പട്ടികയില്‍ ഇടമുണ്ടാകില്ലെന്ന ഭയം; ബംഗാളിലെ ബിജെപി 'ഹനുമാന്‍' ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: ബംഗാളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 'ഹനുമാന്‍' വേഷം ധരിച്ച് ബിജെപിയുടെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന നിഭാസ് സര്‍കാര്‍ സ്വയം ജീവനൊടുക്കി. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന ഭയത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷം കഴിച്ചാണ് ഇയാള്‍ സ്വയം ജീവനൊടുക്കിയത്. 

സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് നിഭാസ്. ഒപ്പം തന്നെ 'ജത്ര' കലാകാരനുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നിഭാസ് ഹനുമാന്‍ വേഷത്തില്‍ പ്രചാരണത്തിന് പങ്കെടുത്തത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹനുമാന്‍ വേഷത്തില്‍ കാറിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണ് വൈറലായത്.

രാജ്യ വ്യാപകമായി പൗരത്വ പട്ടിക തയ്യാറാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തുടര്‍ന്നാണ് നിഭാസ് ആത്മഹത്യ ചെയ്തതെന്ന് ഇയാളുടെ അയല്‍വാസികളും സുഹൃത്തുക്കളും പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയാണ് ബംഗാളില്‍ എത്തിയത്. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈയിലുണ്ടായിരുന്നില്ല. ബംഗാളിലെ റാണാഘട്ട് സ്വദേശിയാണ് നിഭാസ്. എന്നാല്‍, പൗരത്വ പട്ടിക സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ ഇയാള്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് താമസം മാറിയിരുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദുക്കളെ പുറത്താക്കില്ലെന്ന് ബിജെപി പറയുമ്പോഴും അസം പൗരത്വ പട്ടികിയില്‍ നിന്ന് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പുറത്തായിരുന്നു. ഈ വിഷയത്തില്‍ നിഭാസ് അസ്വസ്ഥനായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. 

നിഭാസിന്റെ ആത്മഹത്യക്ക് കാരണം പൗരത്വ പട്ടികയല്ലെന്ന് സഹോദരന്‍ പറഞ്ഞു. പൗരത്വ പട്ടികയില്‍ ഇടമുണ്ടാകില്ലെന്ന ഭയത്താലാണ് നിഭാസ് ആത്മഹത്യ ചെയ്തതെന്ന ആരോപണത്തെ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷു തള്ളിക്കളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com