കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവം: കേന്ദ്രത്തിന് പങ്കില്ലെന്ന് പ്രകാശ് ജാവേദ്കര്‍

കേസെടുത്ത സംഭവത്തില്‍ ബിജെപിക്കും സര്‍ക്കാരിനും പങ്കുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് പ്രകാശ് ജാവേദ്ക്കര്‍ പറയുന്നത്. 
കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവം: കേന്ദ്രത്തിന് പങ്കില്ലെന്ന് പ്രകാശ് ജാവേദ്കര്‍

ഡല്‍ഹി: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവേദ്കര്‍. 49 പ്രമുഖര്‍ക്കെതിരെ കേസെടുത്തതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ചലച്ചിത്ര സാമൂഹിക പ്രവര്‍ത്തകര്‍ മോദിക്ക് തുറന്ന കത്തെഴുതിയത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നടി രേവതി തുടങ്ങി സാംസ്‌കാരിക രംഗത്തെ 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജൂലൈയിലായിരുന്നു ഇവര്‍ കത്തെഴുതിയത്. 

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബീഹാര്‍ പൊലീസാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ബീഹാര്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കേസ്. എന്നാല്‍ കേസെടുത്ത സംഭവത്തില്‍ ബിജെപിക്കും സര്‍ക്കാരിനും പങ്കുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് പ്രകാശ് ജാവേദ്ക്കര്‍ പറയുന്നത്. 

ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പൊലീസാണ് കത്തെഴുതിയവര്‍ക്കെതിരെ കേസെടുത്തത്. രാജ്യദ്രോഹം, മതസ്പര്‍ദ്ധവളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പാക്കാനും, പ്രധാനമന്ത്രിയെ ഇകഴ്ത്തികാട്ടാനുമാണ് കത്തെഴുതിയവരുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാമഞ്ച് പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധീര്‍ ഓജയായിരുന്നു കോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com