സര്‍ക്കാരിന്റെ ഉദാസീനത ഇന്ത്യന്‍ ജനതയുടെ ഭാവി നശിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

കോണ്‍ഗ്രസിന് ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മന്‍മോഹന്‍
മന്‍മോഹന്‍ സിങ്/എഎന്‍ഐ, ട്വിറ്റര്‍
മന്‍മോഹന്‍ സിങ്/എഎന്‍ഐ, ട്വിറ്റര്‍

മുംബൈ: സാമ്പത്തിക രംഗത്ത് സര്‍ക്കാരിന്റെ ഉദാസീനത ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങളെയും ഭാവിയെയും തകര്‍ക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ജനസൗഹൃദപരമായ നയങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് മന്‍മോഹന്‍ കുറ്റപ്പെടുത്തി.

പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയല്ല, കുറ്റം എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ക്കു മേല്‍ ചുമത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന്, ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ട് മന്‍മോഹന്‍ സിങ് പറഞ്ഞു. മന്‍മോഹന്റെ കാലത്താണ് രാജ്യത്തെ ബാങ്കുകള്‍ ഏറ്റവും മോശം അവസ്ഥയിലായതെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തിയിരുന്നു. ധനമന്ത്രിയുടെ പ്രസ്താവനയോട് താന്‍ പ്രതികരിക്കാനില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു.

തന്റെ ഭരണകാലത്തിനു ശേഷം അഞ്ചു വര്‍ഷം ബിജെപി ഭരണത്തിലിരുന്നു. ഇപ്പോഴും എല്ലാ കാര്യങ്ങള്‍ക്കും യുപിഎയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. ഒരു പ്രശ്‌നത്തിന് പരിഹാരം കാണണമെങ്കില്‍ അതിന്റെ കാരണം എന്താണെന്നു പരിശോധിക്കണം. എതിരാളികളാണ് കാരണം എന്നു കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത് പരിഹാര മാര്‍ഗമല്ല- മന്‍മോഹന്‍ അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയാണ് സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു സംസ്ഥാനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തനിടെ നിരവധി ഫാക്ടറികളാണ് ഇവിടെ പൂട്ടിപ്പോയത്. കര്‍ഷക ആത്മഹത്യകളില്‍ മുന്നിലാണ് മഹാരാഷ്ട്ര. എന്നിട്ടും നയങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്‍മോഹന്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com