'ദീപാവലിക്ക് സ്വര്‍ണ്ണം വാങ്ങാതെ വാളുകള്‍ വാങ്ങിവെക്കൂ, അയോധ്യ വിധി വരാനിരിക്കുന്നു' ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ ആഹ്വാനം
'ദീപാവലിക്ക് സ്വര്‍ണ്ണം വാങ്ങാതെ വാളുകള്‍ വാങ്ങിവെക്കൂ, അയോധ്യ വിധി വരാനിരിക്കുന്നു' ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്


ലക്‌നൗ : ദീപാവലിക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നതിന് പകരം വാളുകള്‍ വാങ്ങിവെയ്ക്കാന്‍ ഹിന്ദുക്കളോട് ബിജെപി നേതാവിന്റെ ആഹ്വാനം. യുപിയിലെ ബിജെപി നേതാവ് ഗജരാജ് റാണയുടേതാണ് വിവാദ ആഹ്വാനം. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ ആഹ്വാനം.

'അയോധ്യക്കേസില്‍ വിധി ഉടനുണ്ടാകും. രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമാകും വിധി എന്ന ഉറച്ച വിശ്വാസമുണ്ട്. വിധി തീര്‍ച്ചയായും നിലവിലെ അന്തരീക്ഷത്തെ തകര്‍ക്കും. ഈ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങള്‍ ആവശ്യമാകുമെന്നുറപ്പാണ്'. യുപിയിലെ ദിയോബാന്‍ഡ് സിറ്റി പ്രസിഡന്റ് ഗജരാജ് റാണ പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഗജരാജ് റാണ രംഗത്തെത്തി. തന്റേത് ഒരു നിര്‍ദേശം മാത്രമാണ്. ഇത് മറ്റുതരത്തില്‍ വ്യാഖ്യാനിക്കരുത്. ഹിന്ദുമതത്തിലെ ഭൂരിപക്ഷം ദൈവങ്ങളും ആയുധധാരികളാണ്. അവര്‍ വേണ്ട സമയത്ത് ഇത് ഉപയോഗിക്കുന്നു. ഇക്കാര്യമാണ് സൂചിപ്പിച്ചതെന്നും ഗജരാജ റാണ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതോടെ രാമ ദര്‍ശനം നടത്താമല്ലോ എന്നും റാണ കൂട്ടിച്ചേര്‍ത്തു.അതേസമയം ഗജരാജ റാണെയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം വിസമ്മതിച്ചു. അയോധ്യ കേസില്‍ 40 ദീവസം നീണ്ടുനിന്ന വാദം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി പൂര്‍ത്തയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com