വിവാഹ വാഗ്ദാനം നല്‍കി യുവതികളുമായി അടുപ്പം സ്ഥാപിക്കും, ബലാത്സംഗം, കവര്‍ച്ച, ഇല്ലാതാക്കാന്‍ സയനൈഡ്; 20 യുവതികളെ കൊന്ന സയനൈഡ് മോഹന് വധശിക്ഷ

വിവാഹവാഗ്ദാനം നല്‍കി യുവതികളെ മാനഭംഗപ്പെടുത്തിയശേഷം സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്ക് വധശിക്ഷ
വിവാഹ വാഗ്ദാനം നല്‍കി യുവതികളുമായി അടുപ്പം സ്ഥാപിക്കും, ബലാത്സംഗം, കവര്‍ച്ച, ഇല്ലാതാക്കാന്‍ സയനൈഡ്; 20 യുവതികളെ കൊന്ന സയനൈഡ് മോഹന് വധശിക്ഷ

മംഗളൂരു: വിവാഹവാഗ്ദാനം നല്‍കി യുവതികളെ മാനഭംഗപ്പെടുത്തിയശേഷം സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്ക് വധശിക്ഷ. ബണ്ട്വാള്‍ കന്യാന സ്വദേശി മോഹന്‍കുമാറിന്(സയനൈഡ് മോഹന്‍-56) ആണ് വധശിക്ഷ. നാലാമത്തെ വധശിക്ഷയാണിത്. 17ാമത്തെ കേസിലാണ് ഈ വിധി. പലകേസുകളിലായി 13 ജീവപര്യന്തം ശിക്ഷ വേറെയുമുണ്ട്.

ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ(26) കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നീസ വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷംകുടിപ്പിക്കല്‍, ആഭരണങ്ങള്‍ കവരല്‍, വഞ്ചന, തെളിവുനശിപ്പിക്കല്‍ എന്നി കുറ്റങ്ങളിലാണ് വധശിക്ഷ.

2005ലാണ് മോഹന്‍ 17-ാം കൊലപാതകം നടത്തിയത്. ബി സി റോഡ് ബസ് സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി മോഹന്‍ അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 21ന് വിവാഹത്തിനെന്നുപറഞ്ഞ് ബംഗളൂരുവിലേക്കു കൊണ്ടുപോയി. യുവതിയുടെ മുഴുവന്‍ ആഭരണങ്ങളുമെടുക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ശൃംഗേരിയില്‍ വിനോദയാത്ര പോകുന്നുവെന്നാണ് യുവതി വീട്ടില്‍ പറഞ്ഞത്. ബംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികബന്ധത്തിലേര്‍പ്പെട്ടശേഷം പിറ്റേന്നുരാവിലെ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നുപറഞ്ഞ് സയനൈഡ് ഗുളിക നല്‍കി. ഇതുകഴിച്ചാല്‍ ഛര്‍ദിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബാത്ത്‌റൂമില്‍ പോയി കഴിക്കാനും പറഞ്ഞു. ഇതനുസരിച്ച യുവതി ഗുളിക കഴിച്ചയുടന്‍ കുഴഞ്ഞുവീണുമരിച്ചു.

മോഹന്‍കുമാര്‍ മുറിയില്‍ തിരിച്ചെത്തി യുവതിയുടെ ആഭരണങ്ങളുമായി നാട്ടിലേക്കു മടങ്ങി. തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം അഞ്ചുദിവസത്തിനുശേഷം പോലീസ് സംസ്‌കരിക്കുകയും ചെയ്തു. വിനോദയാത്രയ്‌ക്കെന്നുപറഞ്ഞ് പോയ യുവതി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരു കൊണാജെ പോലീസില്‍ പരാതി നല്‍കി.

2009 സെപ്റ്റംബര്‍ 21ന് മറ്റൊരു കേസില്‍ മോഹന്‍കുമാര്‍ പിടിയിലായതോടെയാണ് ശശികലയടക്കം 20 യുവതികളെ ഇയാള്‍ സമാനരീതിയില്‍ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. ശശികലയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കായി 41 സാക്ഷികളെയും 67 രേഖകളും കോടതിയില്‍ ഹാജരാക്കി.ലീലാവതി(32), ബരിമാറിലെ അനിത(22), സുള്ള്യ പെരുവാജെയിലെ സുനന്ദ(25) എന്നിവരെ കൊന്ന കേസുകളിലാണ് മോഹന്‍കുമാറിന് മുമ്പ് വധശിക്ഷ ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com