ഐഎസ്‌ഐയില്‍ നിന്ന് പണം വാങ്ങുന്നുവെന്ന പ്രസ്താവന: നിയമ നടപടി സ്വീകരിക്കുമെന്ന് ബജ്‌രംഗ് ദള്‍; മലക്കംമറിഞ്ഞ് ദിഗ്‌വിജയ് സിങ്

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നും ബിജെപിയും ബജ്‌രംഗ് ദളും പണം വാങ്ങുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്
ഐഎസ്‌ഐയില്‍ നിന്ന് പണം വാങ്ങുന്നുവെന്ന പ്രസ്താവന: നിയമ നടപടി സ്വീകരിക്കുമെന്ന് ബജ്‌രംഗ് ദള്‍; മലക്കംമറിഞ്ഞ് ദിഗ്‌വിജയ് സിങ്

ഭോപ്പാല്‍: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നും ബിജെപിയും ബജ്‌രംഗ് ദളും പണം വാങ്ങുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഇതുസംബന്ധിച്ച ചില ചാനലുകള്‍ നല്‍കിയ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബജ്‌രംഗ് ദള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിങ് മറുകണ്ടം ചാടിയിരിക്കുന്നത്. 

ഐഎസ്‌ഐക്കുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ഒരു ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനെയും ബിജെപി ഐടി സെല്‍ അംഗത്തെയും മധ്യപ്രദേശ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതേക്കുറിച്ചാണ് പരാമര്‍ശം നടത്തിയത്-അദ്ദേഹം പറഞ്ഞു. 

മുസ്ലിങ്ങളല്ല, അവരേക്കാള്‍ കൂടുതല്‍ മറ്റു മതക്കാരാണ് പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. ഗോ സംരക്ഷണത്തിന്റെ മറവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ബജ്‌രംഗ് ദളും കച്ചവടമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെയും രാജ്യത്തെ സാമ്പത്തികമാന്ദ്യത്തെയും ദിഗ് വിജയ് സിങ് വിമര്‍ശിച്ചു. മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിലേക്ക് പോകുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായും ദിഗ്‌വിജയ് സിങ് കുറ്റപ്പെടുത്തി.ഇതിനെതിരെ രംഗത്ത് വന്ന ബജ്രംഗ് ദള്‍ സിങിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com