ഒന്നര അടി നീളത്തില്‍ ട്രാക്ക് തകര്‍ന്നു; പ്രദേശവാസി കുട വീശി ട്രെയിന്‍ നിര്‍ത്തിച്ചു, ഒഴിവായത് വന്‍ ദുരന്തം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

താനെ: പ്രദേശവാസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം. മുംബൈയിലെ കഞ്ചൂര്‍മാര്‍ഗിനും ബണ്ടൂപ് സ്‌റ്റേഷനുള്‍ക്കിടയില്‍ ഞായറാഴ്ച രാവിലെ 8.40 ഓടെയാണ് സംഭവം. പ്രദേശത്ത് ഒന്നര അടിയോളം നീളത്തില്‍ റെയില്‍ ട്രാക്ക് തകര്‍ന്നുകിടക്കുകയായിരുന്നു. 

ഈ സമയത്ത് പാളത്തിലൂടെ ട്രെയിന്‍ വരാനിരിക്കുകയായിരുന്നു. ഈ സമയം ട്രാക്ക് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ദര്‍ശന്‍ എന്ന ആള്‍ തന്റെ കുട ഉയര്‍ത്തി വീശി ട്രെയിന്‍ മോട്ടോര്‍മാന് അപായ സൂചന നല്‍കുകയായിരുന്നു. ദര്‍ശന്റെ സൂചന മനസിലാക്കി ട്രെയിന്‍ നിര്‍ത്തുകയും വന്‍ദുരന്തം ഒഴിവാകുകയും ചെയ്തു. 

സംഭവത്തിന് അഞ്ച് മിനുട്ട് മുന്‍പാണ് ബദല്‍പൂരില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ ഈ ട്രാക്കിലൂടെ കടന്നുപോയത്. ട്രാക്കില്‍ നിന്നും കുലുക്കവും അസാധാരണശബ്ദവും ഉണ്ടായതായി ട്രെയിന്‍ മോട്ടോര്‍മാന്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് താനെ ട്രെയിനിന്റെ മോട്ടോര്‍മാനും ഇത് സംബന്ധിച്ച് സന്ദേശം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ദര്‍ശന്‍ ചൗഹാന്‍ തന്റെ കുട ഉയര്‍ത്തി അപായ സൂചന നല്‍കിയതെന്ന് ട്രെയിന്‍ മോട്ടോര്‍മാന്‍ പറഞ്ഞു. 

റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്ന ആളാണ് ദര്‍ശന്‍ ചൗഹാന്‍. 1991 മുതല്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ കെട്ടിടത്തിലാണ് ഇയാള്‍ താമസിക്കുന്നത്. സമയോചിതമായി ഇടപെട്ടതില്‍ റെയില്‍വെ അധികൃതര്‍ ദര്‍ശനെ അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com