ശുഭശ്രീയുടെ മരണം: ഒളിവിലായിരുന്ന അണ്ണാ ഡിഎംകെ നേതാവ് ജയഗോപാല്‍ അറസ്റ്റില്‍

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ജയഗോപാലിന് എതിരെ കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപെടുത്തിയിരുന്നു.
ശുഭശ്രീയുടെ മരണം: ഒളിവിലായിരുന്ന അണ്ണാ ഡിഎംകെ നേതാവ് ജയഗോപാല്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് ദേഹത്ത് വീണ് യുവതി മരിച്ച സംഭവത്തില്‍ അണ്ണാഡിഎംകെ നേതാവ് ജയഗോപാലിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കൃഷ്ണഗിരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 

ജയഗോപാലിന്റെ മകന്റെ വിവാഹത്തിന് നേതാക്കളെ സ്വീകരിക്കാനായി വെച്ച പരസ്യ ബോര്‍ഡ് വീണാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായിരുന്ന ശുഭശ്രീ (23) എന്ന യുവതി അപകടത്തില്‍പ്പെട്ട് മരിച്ചത്. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ തുടങ്ങിയത്.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ജയഗോപാലിന് എതിരെ കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപെടുത്തിയിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് ശുഭശ്രീയുടെ പിതാവ് രവി. തങ്ങളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ഫ്‌ലക്‌സുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും ശുഭശ്രീയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.  

ഐഎല്‍ടിസ് പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ശുഭശ്രീയുടെ സ്‌കൂട്ടറിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പല്ലാവരം ഡിവൈഡറിന് സമീപം അണ്ണാ ഡിഎംകെ, ഡിഎം കെ നേതാക്കളുടെ 50 ലധികം ഫ്‌ലക്‌സുകളുണ്ട്. തമിഴ്‌നാട്ടില്‍ പൊതു സ്ഥലത്ത് ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നത് കോടതി വിലക്കിയിട്ടുണ്ടെങ്കിലും ഒരിടത്തും പാലിക്കപെടുന്നില്ല. 

കഴിഞ്ഞ ഏപ്രിലില്‍ നാമക്കല്‍ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് പൊട്ടിവീണ് രണ്ട് പേര്‍ മരിച്ചിരുന്നു. കോടതി വിമര്‍ശനത്തിന്  പിന്നാലെ പൊതുയോഗങ്ങളില്‍ പോലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തകര്‍ ഇനി ഫ്‌ലക്‌സുകള്‍ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

മാത്രമല്ല, ശുഭശ്രീയുടെ മരണത്തെ തുടര്‍ന്ന് തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സിനിമയ്ക്ക് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്ന് വെച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്റെ പ്രചരണത്തിനും വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com