ഇ- സിഗരറ്റ് നിരോധിച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധം

നിരോധനത്തിനെതിരെ ഞങ്ങള്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എവിഐ ഡയറക്ടറും അഭിഭാഷകനുമായ സാമ്രാത് ചൗധരി പറഞ്ഞു.
ഇ- സിഗരറ്റ് നിരോധിച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധം

ഡല്‍ഹി: രാജ്യത്ത് ഇ-സിഗരറ്റ് നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സംവിധാനങ്ങള്‍ നിരോധിക്കുന്നത് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് അഭിഭാഷകരും മെഡിക്കല്‍ പ്രഫഷണലുകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇസിഗരറ്റ് ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്ന അസോസിയേഷന്‍ ഓഫ് വാപ്പേഴ്‌സ് ഇന്ത്യ (എവിഐ) രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്. ഇത് സര്‍ക്കാരില്‍ നിന്നുള്ള മനപൂര്‍വമുള്ള വംശഹത്യ എന്നാണ് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്.

ഇ- സിഗരറ്റ് നിരോധിക്കുന്ന ഈ തീരുമാനം ആളുകളെ പുകവലിയിലേക്ക് തള്ളിവിടുകയും രാജ്യത്തെ 11 കോടി പുകവലിക്കാര്‍ക്ക് സുരക്ഷിതമായ മാര്‍ഗങ്ങള്‍ നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇസിഗരറ്റിന്റെ ഉപഭോഗം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വില്‍പ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. 

രാജ്യത്ത് ഇ- സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ 18നാണ് മന്ത്രിസഭ തീരുമാനിച്ചത്. 'ഇന്ത്യയില്‍ ഇ- സിഗരറ്റ് നിര്‍മ്മിക്കുന്നില്ല. എന്നാല്‍ 400ഓളം ബ്രാന്‍ഡുകള്‍ ഉണ്ട്. 150 രുചികളില്‍ ഇവ ലഭ്യമാണ്. മണമില്ലാത്തിനാല്‍ ആളുകള്‍ ആകൃഷ്ടരാവുകയാണ്. എന്നാല്‍ ഉള്ളിലേക്ക് വലിക്കുന്ന നികോട്ടിന്‍ വലിയ അളവിലാണ് എത്തുന്നതെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

സിഗരറ്റില്‍ നിന്ന് മോചനം നേടുക എന്ന ഉദ്ദേശത്തോടെയാണ് പല യുവാക്കളും ഇ- സിഗരറ്റിനെ ആദ്യം ആശ്രയിച്ചത്. ആ രീതിയില്‍ ഇ- സിഗരറ്റിന് സ്വീകാര്യതയും ലഭിച്ചു. സിഗരറ്റിനെ അതിജീവിക്കാനാണ് ഇ- സിഗരറ്റിനെ ആശ്രയിച്ചത്. എന്നാല്‍ പിന്നീട് വലിയ രീതിയില്‍ ആളുകള്‍ ഇതിനും അടിമപ്പെടുകയായിരുന്നു. യുഎസില്‍ ഏഴ് പേര്‍ ഇതിന്റെ പേരില്‍ മാത്രം മരണപ്പെട്ടിട്ടുണ്ട്. അതിനാലാണ് മന്ത്രിസഭ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനിച്ചതെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com