'അത് ജനങ്ങളുടെ ആഗ്രഹം'; സ്വന്തം പ്രതിമ സ്ഥാപിച്ചതിനെ ന്യായീകരിച്ച് മായാവതി സുപ്രിംകോടതിയില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd April 2019 11:46 AM |
Last Updated: 02nd April 2019 11:46 AM | A+A A- |

ന്യൂഡല്‍ഹി: ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് തന്റെ പ്രതിമകള്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചതെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ സത്യവാങ്മൂലം. തന്റെയും പാര്‍ട്ടിയുടെ ചിഹ്നമായ ആനയുടെയും പ്രതിമകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചതില്‍ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമാണ് മായാവതി നേരിട്ടത്. ഈ പശ്ചാത്തലത്തില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മായാവതിയുടെ വിശദീകരണം.
തന്റെയും പാര്‍ട്ടിയുടെ ചിഹ്നമായ ആനയുടെയും പ്രതിമകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചതിന് ചെലവായ പൊതുപണം തിരിച്ചടയ്ക്കാന്‍ സുപ്രിംകോടതി വാക്കാല്‍ മായാവതിയോട് നിര്‍ദേശിച്ചിരുന്നു. പൊതുപണം ദുരുപയോഗം ചെയ്താണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ഖന്ന സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ബിഎസ്പിയുടെ ചിഹ്നമായ ആനയുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ ചെലവാക്കിയ പൊതുപണം ഖജനാവിലേക്ക് തിരിച്ചടയ്ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് മായാവതിയോട് വാക്കാന്‍ നിര്‍ദേശിച്ചത്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മായാവതി രംഗത്തുവന്നത്.
പ്രതിമകള്‍ സ്ഥാപിക്കുന്നതിന് ബജറ്റില്‍ പണം നീക്കിവെച്ചിരുന്നു. നിയമസഭയുടെ അംഗീകാരത്തോടെയാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്നും മായാവതി സത്യവാങ്മൂലത്തില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ മായാവതി, അവരുടെ പ്രതിമകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രാകേഷ് ഖന്ന കഴിഞ്ഞ പത്തുവര്‍ഷമായി നിയമപോരാട്ടം നടത്തിവരികയാണ്.