പാക് വ്യോമസേനാ പൈലറ്റുമാര്‍ക്ക് റഫാലില്‍ പരിശീലനം നല്‍കിയിട്ടില്ല; വ്യാജ വാര്‍ത്തയെന്ന് ഫ്രഞ്ച് അംബാസഡര്‍

പാക് വ്യോമസേനാ പൈലറ്റുമാര്‍ക്ക് റഫാലില്‍ പരിശീലനം നല്‍കിയിട്ടില്ല; വ്യാജ വാര്‍ത്തയെന്ന് ഫ്രഞ്ച് അംബാസഡര്‍

2017 നവംബറില്‍  പൈലറ്റുമാര്‍ക്ക്‌ റഫാലിന്റെ പുതിയ വിമാനങ്ങളില്‍ പരിശീലനം നല്‍കിയെന്നും ഇവര്‍ പാക് വ്യോമസേനയിലെ വൈമാനികര്‍ ആയിരുന്നുവെന്നുമാണ്

ന്യൂഡല്‍ഹി: പാക് സൈനികര്‍ക്ക് റഫാല്‍ വിമാനങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ അലക്‌സാന്ദ്രെ സീഗ്ല. എയര്‍ലൈന്‍. കോം എന്ന സ്വതന്ത്ര മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 2017 നവംബറില്‍  പൈലറ്റുമാര്‍ക്ക്‌ റഫാലിന്റെ പുതിയ വിമാനങ്ങളില്‍ പരിശീലനം നല്‍കിയെന്നും ഇവര്‍ പാക് വ്യോമസേനയിലെ വൈമാനികര്‍ ആയിരുന്നുവെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വാര്‍ത്തയിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചുവെന്നും വസ്തുതയല്ലെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ദസോ ഖത്തറിന് വിമാനങ്ങള്‍ നല്‍കിയത്. 24 റഫാല്‍ വിമാനങ്ങള്‍ക്കുള്ള കരാറാണ് മെയ് 2015 ല്‍ ഒപ്പിട്ടത്. ഡിസംബര്‍ 2017 ല്‍ 12 വിമാനങ്ങള്‍ കൂടി ഖത്തര്‍ ആവശ്യപ്പെട്ടു. ആദ്യത്തെ 24 വിമാനങ്ങള്‍ക്കായി 630 കോടി യൂറോയാണ് ഖത്തര്‍ ചെലവാക്കിയത്. 

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് പാകിസ്ഥാനില്‍ നിന്നുള്ള സൈനികര്‍ പലപ്പോഴും ഡപ്യൂട്ടേഷനില്‍ പോകാറുണ്ട്. പലപ്പോഴും സൈനിക സഹായങ്ങളും ലഭിക്കാറുണ്ട്. ഇതാണ് വാര്‍ത്ത സത്യമാണെന്ന തോന്നല്‍ പ്രചരിക്കാന്‍ കാരണമെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് വിശദീകരിക്കുന്നു.
 
അമേരിക്കന്‍ നിര്‍മ്മിത എഫ്-16 വിമാനം ജോര്‍ദാനില്‍ നിന്നുമാണ് പാകിസ്ഥാന് ലഭിച്ചത്. ഇത് ഫെബ്രുവരിയില്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചതായി കരുതുന്നു. 2018 ജനുവരിയില്‍ പാകിസ്ഥാനി വാര്‍ത്താ പോര്‍ട്ടലായ ദിന്യൂസ്.കോം പികെ ഖത്തറിലെ വ്യോമസേനാ ഉദ്യോഗസ്ഥന്‍ നടത്തിയ പാകിസ്ഥാന്‍ സന്ദര്‍ശനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യോമസേനാരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്ന ധാരണയില്‍ ആയിരുന്നു അന്ന് ഇരു രാജ്യങ്ങളും എത്തിയത്.

 റഫാല്‍ വിമാനങ്ങളില്‍ പാക് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും വിമാനക്കമ്പനിയായ ദസോ ഇതുവരേക്കും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com