രണ്ടാംഘട്ട വോട്ടെടുപ്പ് : 97 മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം, പോളിംഗ് വ്യാഴാഴ്ച

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും
രണ്ടാംഘട്ട വോട്ടെടുപ്പ് : 97 മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം, പോളിംഗ് വ്യാഴാഴ്ച

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും. 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. ഈ മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 

രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് തമിഴ്‌നാട്ടിലാണ്. സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലും വ്യാഴാഴ്ച ജനം വിധിയെഴുതും. കര്‍ണാടകത്തില്‍ 14 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശില്‍ എട്ടിടത്തും വ്യാഴാഴ്ച വിധിയെഴുതും.

മഹാരാഷ്ട്ര-10, അസം-5, ബീഹാര്‍-5, ഒഡീഷ-5, ഛത്തീസ്ഗഡ്-3, ബംഗാള്‍-3, ജമ്മുകശ്മീര്‍-2, മണിപ്പൂര്‍-1, ത്രിപുര-1, പുതുച്ചേരി-1 എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 

തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോള്‍, ഉത്തര്‍പ്രദേശിലും ബീഹാറിലും ഏഴ് ഘട്ടങ്ങളായാണ് പോളിംഗ്. കര്‍ണാടകയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. 

കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 115 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഈ മാസം 23 ന് നടക്കും. ഏഴുഘട്ട തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതും മൂന്നാംഘട്ടത്തിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com