മെഹബൂബ മുഫ്തി അറസ്റ്റില്‍; ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി അറസ്റ്റില്‍
മെഹബൂബ മുഫ്തി അറസ്റ്റില്‍; ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി


ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി അറസ്റ്റില്‍. അറസ്റ്റുചെയ്ത ഇവരെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മെഹബൂബ മുഫ്തി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭ പാസ്സാക്കി. 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണയ ബില്‍ പാസ്സായത്. 61 നെതിരെ 125 വോട്ടിനാണ് ബില്‍ പാസ്സായത്. 

മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചക്കും ശേഷമാണ് ബില്‍ പാസ്സാക്കിയത്. ഇലക്ട്രോണിക് വോട്ടിങ്ങിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് സ്ലീപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നടന്നു. 

ഇതോടൊപ്പം ജമ്മു കശ്മീരിലെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ബില്ലും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ഇതോടെ കശ്മീരിന് പ്രത്യേക പദവി എടുത്തുകളയപ്പെട്ടു. ഇതിനെ കോണ്‍ഗ്രസ് അടക്കം ആരും എതിര്‍ത്തില്ല എന്നതാണ് ശ്രദ്ധേയം. 

ചര്‍ച്ചാവേളയില്‍ ആര്‍ട്ടിക്കിള്‍ 370 വിഷയമാണ് കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത്. ആ അനുഛേദം കശ്മീരിന് വരുത്തിയത് വലിയ നഷ്ടങ്ങളാണ്. ഇത് റദ്ദാക്കിയതോടെ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നും അമിത് ഷാ ചര്‍ച്ചയില്‍ പറഞ്ഞു. ഭീകരതയുടെ അന്ത്യത്തിന് വഴിയൊരുക്കും. ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.  

രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പാസാക്കപ്പെടുന്ന രണ്ടാമത്തെ സുപ്രധാന ബില്ലാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള ബില്ല്. പ്രതിപക്ഷ അനൈക്യമാണ് ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സഹായകമായത്. 47 പേരാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ രണ്ട് പേര്‍ രാജിവെച്ചിരിക്കുന്നു. ഇതിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു എന്നിവര്‍ ഇറങ്ങിപ്പോയി. കൂടാതെ സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും രാജിവെച്ചിരുന്നു. ഇതോടെ ഭൂരിപക്ഷത്തിനുള്ള തലയെണ്ണം കുറഞ്ഞു. 

കോണ്‍ഗ്രസിന്റെ 45, ഇവര്‍ക്ക് പുറമെ സമാജ്‌വാദി പാര്‍ട്ടിയുടെ 10 പേരും ഇടത് പാര്‍ട്ടികളുടെ അഞ്ച് പേരും ആര്‍.ജെഡിയുമാണ് ബില്ലിനെ എതിര്‍ത്തത്. ഇവയെല്ലാം സമാഹരിച്ചാണ് 61 വോട്ടുകള്‍ ബില്ലിനെതിരെ ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് എഎപി, ബിജു ജനതാദള്‍, തെലുങ്കുദേശം പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ നിലപാടെടുത്തതോടെയാണ് 125 വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചത്. 11 മണിമുതല്‍ ബില്ലിന്മേല്‍ ചര്‍ച്ചകള്‍ നടന്നതിന് ശേഷമാണ് സഭ ബില്‍ പാസാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com