സുഷമ സ്വരാജ് ഇനി ദീപ്തമായ ഓർമ; ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രണാമമർപ്പിച്ച് ആയിരങ്ങൾ

ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് രാജ്യം വിട നൽകി
സുഷമ സ്വരാജ് ഇനി ദീപ്തമായ ഓർമ; ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രണാമമർപ്പിച്ച് ആയിരങ്ങൾ

ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് രാജ്യം വിട നൽകി. ജനകീയ നിലപാടുകളിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും ജന ഹൃയങ്ങൾ കീഴടക്കിയ നേതാവിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചത്. 

ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു. മരണാനന്തര ക്രിയകള്‍ നടത്തിയത് മകള്‍ ബന്‍സൂരി സ്വരാജായിരുന്നു. സുഷമ സ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

എയിംസില്‍ നിന്ന് പുലര്‍ച്ചെയോടെ ഭൗതിക ശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ ഭരണകര്‍ത്താക്കളും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. 

രാജ്യം കണ്ടതില്‍വച്ച് ഏറ്റവും കരുത്തുള്ള ജനപ്രിയ വിദേശകാര്യ മന്ത്രിയെന്ന നിലയിലാണ് സുഷമാ സ്വരാജിനെ രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിച്ചിട്ടുള്ളത്. ദേശീയ കക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷ നേതാവ് , ആദ്യ വനിതാ വിദേശകാര്യ മന്ത്രി എന്നീ ചരിത്ര സ്ഥാനങ്ങള്‍ക്ക് ഉടമയാണു സുഷമ. മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതി രണ്ട് തവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com