ഐഎസിൽ ചേർന്ന മലപ്പുറം സ്വദേശിയെ സൈന്യം വധിച്ചതായി റിപ്പോർട്ട്; രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി

അഫ്‌ഗാൻ- അമേരിക്കൻ സഖ്യ സൈന്യത്തിന്റെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു
ഐഎസിൽ ചേർന്ന മലപ്പുറം സ്വദേശിയെ സൈന്യം വധിച്ചതായി റിപ്പോർട്ട്; രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി

ന്യൂഡൽഹി: ഐഎസിൽ ചേർന്നതായി സംശയിക്കുന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്‌ഗാൻ- അമേരിക്കൻ സഖ്യ സൈന്യത്തിന്റെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ സെയ്ഫുദ്ദീനാണ് മരിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്ചക്കിടെ കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പഠനത്തിനിടെ സലഫിസത്തിൽ ആകൃഷ്‌ടനായതാണ് ഇയാളെ ഐഎസിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2014 ൽ സൗദി അറേബ്യയിലേക്ക് കുടിയേറിയ സെയ്ഫുദ്ദീൻ ജിസാൻ എന്ന സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. 2018 സെപ്തംബറിൽ നാട്ടിലെത്തിയ ഇയാൾ ​ദുബായിലേക്കാണ് പോയതെന്നാണ് വിവരം. ഈ വർഷം ഏപ്രിലിൽ ബന്ധുവിനയച്ച അവസാന സന്ദേശത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും റിപ്പോർട്ടിലുണ്ട്. 

സെയ്ഫുദ്ദീനും കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന മറ്റുള്ളവരും തമ്മിൽ ബന്ധമുണ്ടോയെന്ന് തീവ്രവാദ വിരുദ്ധ സേനാ വിഭാഗങ്ങൾ അന്വേഷിക്കുകയാണ്. സെയ്ഫുദ്ദീന്റെ കാണാതായ സുഹൃത്തിന് വേണ്ടി രഹസ്യാന്വേഷണ വിഭാഗങ്ങൾ തെരച്ചിൽ നടത്തുന്നുണ്ട്.

കേരളത്തില്‍ നിന്ന് ഇതുവരെയായി പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടക്കം 98 പേര്‍ ഐഎസില്‍ ചേര്‍ന്നതയി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെടുന്ന 40ാമത്തെ മലയാളിയാണ് സെയ്ഫുദ്ദീന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com