ബംഗാളില്‍ വീണ്ടും തൃണമൂലിന് തിരിച്ചടി; മമതയുടെ വിശ്വസ്തന്‍ ബിജെപിയില്‍ ചേര്‍ന്നു

മുകുള്‍ റോയിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും ഞെട്ടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയും ബിജെപിയില്‍ ചേര്‍ന്നു
ബംഗാളില്‍ വീണ്ടും തൃണമൂലിന് തിരിച്ചടി; മമതയുടെ വിശ്വസ്തന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുകുള്‍ റോയിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും ഞെട്ടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയും ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ മുന്‍മന്ത്രിയും കൊല്‍ക്കത്ത മുന്‍ മേയറുമായ സോവന്‍ ചാറ്റര്‍ജിയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി നേതാക്കളായ അരുണ്‍ സിങ്, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് സോവന്‍ ചാറ്റര്‍ജി പാര്‍ട്ടി അംഗത്വമെടുത്തത്. മമതയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് ഇപ്പോള്‍ ബിജെപിയില്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ബിജെപി നേതാവ് മുകുള്‍ റോയ് പറഞ്ഞു. 

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി പോലും ലഭിക്കില്ലെന്നത് താന്‍ വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും മുകുള്‍ റോയ് വ്യക്തമാക്കി. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ നടക്കുന്ന കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്നും മുകുള്‍ റോയ് മാധ്യമങ്ങളോട് പറഞ്ഞു.

ദീര്‍ഘകാലം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച സോവന്‍ ചാറ്റര്‍ജി മമത ബാനര്‍ജിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു. മമത സര്‍ക്കാരില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 2010 മുതല്‍ 2018 വരെ കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ മേയറുമായിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ഇതുവരെ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനുപുറമേ വിവിധ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. 

അടുത്തകാലത്തായി വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന്  സോവന്‍ ചാറ്റര്‍ജി മമതയുമായി അകന്നു നില്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ സമവായത്തിലൂടെ പാര്‍ട്ടിയില്‍ സജീവമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കിണഞ്ഞുശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ബിജെപി പ്രവേശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com