കെജരിവാളിന് തിരിച്ചടി ; മുന്‍മന്ത്രി കപില്‍ മിശ്ര ബിജെപിയില്‍

കെജരിവാളിന്റെ വലംകൈയായി അറിയപ്പെട്ടിരുന്നകപില്‍ മിശ്ര എഎപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു
കെജരിവാളിന് തിരിച്ചടി ; മുന്‍മന്ത്രി കപില്‍ മിശ്ര ബിജെപിയില്‍

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് തയ്യാറെടുക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മുന്‍മന്ത്രി കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളുമായി ഉടക്കി നില്‍ക്കുകയായിരുന്ന കപില്‍ മിശ്ര ലോക്‌സഭ തെരഞ്ഞെടുപ്പോടെ ബിജെപി ക്യാമ്പുമായി അടുത്ത് സഹകരിച്ചിരുന്നു. ഇതോടെ കപില്‍ മിശ്ര ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹവും ശക്തിയായിരുന്നു. 

ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി, കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് കപില്‍ മിശ്ര ബിജെപി അംഗത്വം സ്വീകരിച്ചത്. കെജരിവാളിന്റെ വലംകൈയായി അറിയപ്പെട്ടിരുന്ന കപില്‍ മിശ്ര എഎപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. എന്നാല്‍ കെജരിവാളുമായി ഉടക്കിയ കപിലിനെ മുഖ്യമന്ത്രി പുറത്താക്കി. ഇതോടെ കെജരിവാളിന്റെ കടുത്ത വിമര്‍ശകനായി കപില്‍ മിശ്ര മാറിയിരുന്നു. 


എഎപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന കപില്‍ മിശ്രയുടെ പാര്‍ട്ടി അംഗത്വം, ആഗസ്റ്റ് രണ്ടിന് റദ്ദാക്കിയിരുന്നു. കൂടാതെ, കൂറുമാറ്റത്തിന് ഈ വര്‍ഷം ജനുവരി 27 ന് കപില്‍ മിശ്രയെ ഡല്‍ഹി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് വിജയ് ഗോയലിനൊപ്പം വേദി പങ്കിട്ടതിന്റെ പേരിലായിരുന്നു നടപടി. 

സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് കപില്‍ മിശ്ര കോടതിയെ സമീപിച്ചിരിക്കുകയാണ്. മറ്റൊരു പാര്‍ട്ടി നേതാവിനൊപ്പം പൊതുവേദി പങ്കിട്ടത്തിന്റെ പേരില്‍ കൂറുമാറ്റ ചട്ട പ്രകാരം അയോഗ്യനാക്കാന്‍ കഴിയില്ലെന്നാണ് കപില്‍ മിശ്രയുടെ വാദം. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രണ്ട് എഎപി എംഎല്‍എമാരായ ദേവേന്ദര്‍ ഷെരാവത്തും അനില്‍ ബാജ്‌പേയിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com