ഉത്തരേന്ത്യയിലും ഹിമാചലിലും നാശം വിതച്ച് പ്രളയം: മലയാളികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു

പല ഭാഗങ്ങളിലായി മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരേന്ത്യയിലും ഹിമാചലിലും നാശം വിതച്ച് പ്രളയം: മലയാളികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ 18 പേരെ കാണാതായെന്നും നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ട്. ഉത്തരകാശി ജില്ലയിലാണ് വെള്ളപ്പൊക്കത്തില്‍ 18 പേരെ കാണാതായത്. ടോണ്‍സ് നദി കരകവിഞ്ഞൊഴുകിയതോടെ 20 വീടുകള്‍ ഒലിച്ചുപ്പോയി. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. 

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗംഗോത്രി ഹൈവേ അടച്ചിട്ടു. പാതിവഴിയില്‍ കുടുങ്ങിയ മാനസരോവര്‍ യാത്രികരെ സംസ്ഥാന ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്തമഴയാണ് ഉത്തരാഖണ്ഡില്‍ കനത്തനാശം വിതച്ചത്. ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും അപകടസാധ്യതയുള്ള മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ദുരന്തബാധിത മേഖലകളില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അതേസമയം, പലയിടത്തും റോഡുകള്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നാണ് വിവരം. അടുത്ത മൂന്നുദിവസം കൂടി ഉത്തരകാശി മേഖലയില്‍ കനത്ത മഴ തുടരുമെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഹിമാചല്‍പ്രദേശിലും കനത്തമഴയും മഞ്ഞുവീഴ്ചയും നാശംവിതച്ചു. ഷിംല, കുളു, മാണ്ഡി തുടങ്ങിയ മേഖലകളിലാണ് കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. മാണ്ഡിയിലെ പലപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലയിടത്തും റോഡ് ഒലിച്ചുപോയതിനാല്‍ ദേശീയ പാത അഞ്ചിലും മൂന്നിലും ഗതാഗതം നിരോധിച്ചു. കുളുവിലെ ബീസ് നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു.

ലേമണാലി റോഡിലും ഉരുള്‍പൊട്ടലിനെതുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ പല ഭാഗങ്ങളിലായി മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com