യുവതിക്ക് വേണ്ടി ഭര്‍ത്താവും കാമുകനും തര്‍ക്കം: ഒടുവില്‍ 71 ആടുകളെ നഷ്ടപരിഹാരമായി നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കി

യുവതിയുടെ വിലയായി 71 ആടുകളെ ഭര്‍ത്താവിന് നല്‍കാനായിരുന്നു ഗ്രാമസഭ പറഞ്ഞത്.
യുവതിക്ക് വേണ്ടി ഭര്‍ത്താവും കാമുകനും തര്‍ക്കം: ഒടുവില്‍ 71 ആടുകളെ നഷ്ടപരിഹാരമായി നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കി

ഗൊരഖ്പുര്‍: വിവാഹിതയായ കാമുകിയെ സ്വന്തമാക്കാനായി കാമുകന്‍ യുവതിയുടെ ഭര്‍ത്താവിന് നല്‍കിയത് 71 ആടുകളെ. ഗൊരഖ്പുരിലെ പിപ്രൈച്ച് ഗ്രാമത്തിലാണ് അപൂര്‍വ്വ സംഭവം നടന്നത്. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കുന്നതിന് ഗ്രാമസഭയാണ് യുവതിക്ക് 71 ആടുകളുടെ വിലയിട്ടത്. 

ഗ്രാമസഭയുടെ തീരുമാനപ്രകാരം യുവതിയുടെ ഭര്‍ത്താവിന് 'നഷ്ടപരിഹാര'മായി ആടുകളെ നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കുകയും ചെയ്തു. യുവതി കാമുകനൊപ്പം പോയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. വൈകാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇവരെ പിടികൂടി. എന്നാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാനില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നുമായിരുന്നു യുവതിയുടെ തീരുമാനം.

തുടര്‍ന്ന്, യുവതിയെച്ചൊല്ലി ഭര്‍ത്താവും കാമുകനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. യുവതിയെ വിട്ടുനല്‍കില്ലെന്ന് ഭര്‍ത്താവും കാമുകനൊപ്പം പോകുമെന്ന് യുവതിയും ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്നാണ് വിഷയം ഗ്രാമസഭയുടെ മുന്നിലെത്തിയത്. യുവതിയ്ക്ക് കാമുകനൊപ്പം പോകാം. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് കാമുകന്‍ നഷ്ടപരിഹാരം നല്‍കണം എന്നതായിരുന്നു നഗരസഭയുടെ തീരുമാനം.

യുവതിയുടെ വിലയായി 71 ആടുകളെ ഭര്‍ത്താവിന് നല്‍കാനായിരുന്നു ഗ്രാമസഭ പറഞ്ഞത്. ഭര്‍ത്താവും ഈ ഒത്തുതീര്‍പ്പു വ്യവസ്ഥ സമ്മതിച്ചു. തുടര്‍ന്നാണ് ആടുകളെ നഷ്ടപരിഹാരമായി നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കിയത്. 

എന്നാല്‍ അവിടംകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. തന്റെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന 142 ആടുകളില്‍ 71 എണ്ണത്തെയാണ് കാമുകന്‍ ഭര്‍ത്താവിന് നല്‍കിയത്. എന്നാല്‍ കാമുകന്റെ അച്ഛന് ഗ്രാമസഭയുടെ തീരുമാനം സ്വീകാര്യമായിരുന്നില്ല. ആടുകള്‍ തന്റേതാണെന്നും അവയെ വിട്ടുനല്‍കിയത് തന്റെ സമ്മതത്തോടെയല്ലെന്നും ആരോപിച്ച് അച്ഛന്‍ രംഗത്തെത്തി. 

യുവതിയുടെ ഭര്‍ത്താവിന് നല്‍കിയ ആടുകളെ എത്രയും പെട്ടെന്ന് തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ പോലീസിന്റെ പരിഗണനയിലാണ് വിഷയം. കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചചെയ്ത് പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമമെന്ന് ഖൊരബാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അംബിക ഭരദ്വാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com