'ബിജെപിയാണ് ഇതെല്ലാം ചെയ്തത്, നിങ്ങളെന്ത് കരുതി ട്രംപ് ആണെന്നോ?'; രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തി ചിദംബരം

അച്ഛനെതിരേ നടന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു
'ബിജെപിയാണ് ഇതെല്ലാം ചെയ്തത്, നിങ്ങളെന്ത് കരുതി ട്രംപ് ആണെന്നോ?'; രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തി ചിദംബരം

ന്യൂഡല്‍ഹി; മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മകന്‍ കാര്‍ത്തി ചിദംബരം. ബിജെപിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് മാധ്യമങ്ങളോട് കാര്‍ത്തി ചിദംബരം പറഞ്ഞത്. ആരാണ് ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഉറപ്പായും ഇതെല്ലാം ചെയ്യുന്നത് ബിജെപിയാണ്. അല്ലാതെ ആരാണ്. ഡൊണാള്‍ഡ് ട്രംപാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് കരുതുന്നുണ്ടോ? ഒരിക്കലുമല്ല' ചിദംബരം അറസ്റ്റിലായതിന് പിന്നാലെ കാര്‍ത്തി പറഞ്ഞു. 

കൂടാതെ അച്ഛനെതിരേ നടന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. ചിലരുടെ വൃത്തികെട്ട സംതൃപ്തി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ഏജന്‍സികള്‍ ഈ നാടകം നടത്തിയതെന്നും കാര്‍ത്തി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ആരും തന്നെ നാല് തവണ റെയ്ഡ് ചെയ്യപ്പെട്ടിട്ടില്ല. ഞാന്‍ മാത്രമാണ് നാല് തവണ റെയ്ഡ് ചെയ്യപ്പെട്ടത്. ഇത്തരത്തിലൊരു കേസ് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചാര്‍ജ് ഷീറ്റ് പോലും സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സിബിഐയുടെ അതിഥിയായിട്ടുണ്ടെന്നും അതിനാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയാമെന്നും കാര്‍ത്തി പറഞ്ഞു. നിയമവശങ്ങളെ കുറിച്ച് അച്ഛന് അവബോധമുണ്ട്. ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട് കാര്‍ത്തി ചിദംബരം പറഞ്ഞു. ഐഎന്‍എക്‌സുമായി തനിക്ക് ഒരു ബന്ധമില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വീട്ടില്‍ നിന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്ന് പത്രസമ്മേളനം നടത്തിയതിന് ശേഷം വീട്ടിലക്ക് എത്തിയ ചിദംബരത്തെ നാടകീയ നീക്കങ്ങളിലൂടെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com