ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസിന് പുതിയ പദവി; പരിഹാസവുമായി കോണ്‍ഗ്രസ്

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി രണ്ടുദിവസത്തിനകം ജസ്റ്റിസ് ഗൗര്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ചിരുന്നു
ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസിന് പുതിയ പദവി; പരിഹാസവുമായി കോണ്‍ഗ്രസ്


ന്യൂഡല്‍ഹി; ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ ഗൗര്‍ പുതിയ സ്ഥാനത്തേക്ക്. കള്ളപ്പണ നിരോധനക്കേസുകള്‍ പരിഗണിക്കുന്ന ട്രിബ്യൂണലിന്റെ (എടിപിഎംഎല്‍എ) അധ്യക്ഷനായാണ് സുനിലിനെ നിയമിച്ചത്. സെപ്റ്റംബര്‍ 23ന് ഗൗര്‍ ചുമതലയേല്‍ക്കും. 

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി രണ്ടുദിവസത്തിനകം ജസ്റ്റിസ് ഗൗര്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ചിരുന്നു. അതിന് പിന്നാലെയാണ് ട്രിബ്യൂണലിന്റെ അധ്യക്ഷനായി എത്തുന്നത്. ജസ്റ്റിസ് മന്‍മോഹന്‍ സിങ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുനില്‍ ഗൗറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറിപ്പ് അതേപടി പകര്‍ത്തിയാണ് ജസ്റ്റിസ് ഗൗര്‍ ചിദംബരത്തിനെതിരേ വിധിയെഴുതിയതെന്നായിരുന്നു ആരോപണം. വിരമിച്ച് ഒരാഴ്ചയ്ക്കകം അദ്ദേഹത്തിന് പുതിയ പദവി ലഭിച്ചതില്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവര്‍ക്കെതിരേ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നിയമനടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവിറക്കിയതും ജസ്റ്റിസ് ഗൗര്‍ ആണ്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതും അദ്ദേഹംതന്നെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com