'എന്നെ തൊടാന്‍ ആര്‍ക്കുമാവില്ല; ഒരു വിഡ്ഢി കോടതിക്കും വിചാരണ ചെയ്യാന്‍ സാധിക്കില്ല'; വീഡിയോയുമായി നിത്യാനന്ദ

എന്റെ ആര്‍ജ്ജവം എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരും അതിലൂടെ യാഥാര്‍ത്ഥവും സത്യവും വെളിവാകും
'എന്നെ തൊടാന്‍ ആര്‍ക്കുമാവില്ല; ഒരു വിഡ്ഢി കോടതിക്കും വിചാരണ ചെയ്യാന്‍ സാധിക്കില്ല'; വീഡിയോയുമായി നിത്യാനന്ദ

ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ ആരോപണ വിധേയനായി രാജ്യംവിട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്നെ ഒരാള്‍ക്കും തൊടാനാകില്ലെന്ന വെല്ലുവിളിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍  പറയുന്നത്. നവംബര്‍ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായത്.

'എന്റെ ആര്‍ജ്ജവം എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരും അതിലൂടെ യാഥാര്‍ത്ഥവും സത്യവും വെളിവാകും. ഇപ്പോള്‍ എന്നെ തൊടാന്‍ പോലും ആര്‍ക്കും ആകില്ല. ഞാന്‍ പരമശിവനാണ്, മനസിലായോ? ഒരു വിഡ്ഢി കോടതിക്കും സത്യം വെളിപ്പെടുത്തുന്നതിന്റെ പേരില്‍ എന്നെ വിചാരണ ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ പരമശിവനാണ്'  വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.

പ്രചരിക്കുന്ന വീഡിയോ ഇന്ത്യയില്‍ നിന്നാണോ അല്ല വിദേശത്തു നിന്നാണോ എന്നത് വ്യക്തമല്ല. 'എന്നിലുള്ള വിശ്വാസവും സത്യനിഷ്ഠയും പാലിക്കുന്ന നിങ്ങള്‍ക്ക് ഒരിക്കലും മരണം പോലും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു'  എന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു.

അതേസമയം നിത്യാനന്ദയ്ക്ക് അഭയം നല്‍കാന്‍ സഹായിക്കുകയോ ലാറ്റിനമേരിക്കയില്‍ ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ വെളിപ്പെടുത്തി. ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപിലാണ് നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

കൈലാസം എന്ന് പേരിട്ട രാജ്യം, ഹിന്ദുരാഷ്ട്രമയായാണ് നിത്യാനന്ദ വിശേഷിപ്പിച്ചിരിക്കുന്നത്. അഭയം നല്‍കാനുള്ള നിത്യാനന്ദയുടെ അഭ്യര്‍ത്ഥന തങ്ങള്‍ തള്ളിയിരുന്നു എന്നാണ് ഇക്വഡോറിന്റെ വിശദീകരണം. നിത്യാനന്ദ പിന്നീട് ഹെയ്തിലേക്ക് പോയതായി ഇക്വഡോര്‍ എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇക്വഡോര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. വിവാദങ്ങളില്‍ നിന്ന് രാജ്യത്തിന്റെ പേര് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൈലാസത്തിന് സ്വന്തമായി പതാകയും പാസ്‌പോര്‍ട്ടും ഭരണഘടനയുമുണ്ടെന്ന് അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.  ദ്വീപിനെ രാജ്യമായി അംഗീകരിക്കാന്‍ നിത്യാനന്ദ യുണൈറ്റഡ് നേഷന്‍സിനെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്ത്യയില്‍ തന്റെ ജീവിതം അപകടത്തിലാണെന്നും തന്റെ വിശ്വാസം സംരക്ഷിക്കാനാണ് ദ്വീപ് രാജ്യമാക്കിയതെന്നും യുഎന്നിന് നല്‍കിയ അപേക്ഷയില്‍ നിത്യാനന്ദ പറയുന്നു.

'മഹത്തായ ഹിന്ദു രാഷ്ട്രം' എന്നാണ് തന്റെ രാജ്യത്തെ നിത്യാനന്ദ വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രിനിടാഡിനും ടൊബാഗോയ്ക്കും ഇടയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

രാജ്യത്തിന് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിസഭയുമുണ്ട്. രാജ്യത്തിന്റെ പൗരത്വം ലഭിക്കാനായി അപേക്ഷിക്കാനും സംഭാവനകള്‍ നല്‍കാനും നിത്യാനന്ദ ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രകാശപൂരിതമായ ജീവിതം നയിക്കാനാണ് ഈ ഹിന്ദു രാഷ്ട്രം എന്നാണ് കൈലാസയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ പറയുന്നത്. ഹിന്ദു മതത്തിന്റെ മഹത്തായ സംസ്‌കാരം തിരിച്ചുകൊണ്ടുവരാനാണ് ഈ ചുവടുവയ്‌പ്പെന്നും സൈറ്റില്‍ അവകാശവാദമുണ്ട്.

രാജ്യത്തേക്ക് വരാന്‍ രണ്ട് നിറത്തിലുള്ള പസ്‌പോര്‍ട്ടുകളാണുള്ളത്. ഒന്ന് മഞ്ഞ നിറവും മറ്റേതിന് ചുവപ്പും. നിത്യാനനന്ദയെയും നന്ദിയെയും രേഖപ്പെടുത്തിയതാണ് രാജ്യത്തിന്റെ പതാക, എല്ലാ ദിവസും നിത്യാനന്ദ തന്റെ രാജ്യത്ത് ക്യാബിനറ്റ് മീറ്റിങ് കൂടാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സ്വന്തം രാജ്യത്ത് വിശ്വാസം സംരക്ഷിക്കാന്‍ സാധിക്കാത്ത എല്ലാ ഹിന്ദുക്കള്‍ക്കും ഈ ദ്വീപിലേക്ക് വരാമെന്നും ഇതിന് അതിരുകളില്ലെന്നും കൈലസയുടെ സൈറ്റില്‍ പറയുന്നു. ഭരണത്തിനായി ആഭ്യന്തരം, പ്രതിരേധം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com