'ഇതൊരു താക്കീത് ; ക്രൂരകൃത്യം ചെയ്യുന്നവര്‍ക്കെല്ലാം എന്‍കൗണ്ടര്‍ കാത്തിരിക്കുന്നുണ്ട്' ; മുന്നറിയിപ്പുമായി തെലങ്കാന മന്ത്രി

പൊലീസ് നടപടി മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ്. പ്രതികളെ ഉടനടി ശിക്ഷിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു
'ഇതൊരു താക്കീത് ; ക്രൂരകൃത്യം ചെയ്യുന്നവര്‍ക്കെല്ലാം എന്‍കൗണ്ടര്‍ കാത്തിരിക്കുന്നുണ്ട്' ; മുന്നറിയിപ്പുമായി തെലങ്കാന മന്ത്രി

ഹൈദരാബാദ് : വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മന്ത്രി രംഗത്ത്. ഇത്തരത്തില്‍ ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കൊരു താക്കീതാണ് പൊലീസിന്റെ നടപടി. അവര്‍ക്ക് ഇതൊരു പാഠമാകുമെന്ന് കരുതുന്നു. സംഭവത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണെന്നും സംസ്ഥാന മന്ത്രി തലസനി ശ്രീനിവാസ റെഡ്ഡി പറഞ്ഞു.

നിങ്ങള്‍ ഇത്തരത്തിലൊരു തെറ്റു ചെയ്താല്‍ കോടതി വിചാരണയുടേയോ, തടവുശിക്ഷയോ ഒന്നുമല്ല ഉണ്ടാകുക. ജാമ്യം ലഭിച്ച് കേസ് നീട്ടിക്കൊണ്ടുപോകാമെന്നും കരുതേണ്ട. ഇത്തരത്തില്‍ ക്രൂരകൃത്യം ഉണ്ടായാല്‍ അവരെയെല്ലാം ഒരു എന്‍കൗണ്ടര്‍ കാത്തിരിപ്പുണ്ടെന്ന സന്ദേശമാണ് സംഭവം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പൊലീസ് നടപടി മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ്. പ്രതികളെ ഉടനടി ശിക്ഷിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇത് രാജ്യത്തിന് നല്‍കുന്ന ഒരു മാതൃകയാണ്. ക്ഷേമപദ്ധതികള്‍ മാത്രമല്ല, കടുത്ത നടപടികളിലൂടെ ക്രമസമാധാനം നിലനിര്‍ത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് തെലങ്കാന മന്ത്രി ശ്രീനിവാസ റെഡ്ഡി ഒരു ദേശീയ ദിനപ്പത്രത്തോട് പറഞ്ഞു.

ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടല്‍ കൊലയെ സംബന്ധിച്ച് ഒരു സംസ്ഥാനമന്ത്രി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. ഇത്തരത്തിലൊരു തെളിവെടുപ്പ്  ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ നടക്കുമെന്ന് കരുതുന്നുണ്ടോ. കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് പൊലീസിനു മേലും കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. കോടതിയിലെത്തിയാല്‍ നീതിക്കായി വളരെ കാലംകാത്തിരിക്കേണ്ട അവസ്ഥയാണ്. ഡല്‍ഹിയിലെ നിര്‍ഭയയുടെ അമ്മ ഇക്കാര്യം തുറന്നുപറഞ്ഞു. ഇതില്‍ മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com