പൗരത്വ ഭേദ​ഗതി ബിൽ; ക​ണക്കുകളിൽ കണ്ണുംനട്ട് മുന്നണികൾ; ആത്മവിശ്വാസത്തിൽ എൻഡിഎ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2019 10:32 AM  |  

Last Updated: 11th December 2019 10:32 AM  |   A+A-   |  

ELeitT3U4AAt1mW

 

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കെ ക​ണക്കുകളിൽ കണ്ണുംനട്ട് മുന്നണികൾ. പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. സിലക്ട് കമ്മറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസിന്‍റെയും ഇടതു പാര്‍ട്ടികളുടെയും ആവശ്യം. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന കോണ്‍ഗ്രസ് കണ്ണുരുട്ടിയതോടെ മലക്കം മറിഞ്ഞു. കൃത്യമായ കരുനീക്കങ്ങളിലൂടെ രാജ്യസഭയെന്ന കടമ്പ കടക്കാമെന്നാണ് ഭരണപക്ഷം കണക്കു കൂട്ടുന്നത്. 

നിലവിൽ സഭയുടെ അംഗബലം 240ആണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 102 എംപിമാരുണ്ട്. 124 നും 130 ഇടയില്‍ വോട്ടു കിട്ടുമെന്നാണ് ഭരണപക്ഷത്തെ അവകാശവാദം. പ്രതിപക്ഷ നിരയിലെ ചോര്‍ച്ച ഇല്ലാതാക്കാന്‍ യുപിഎ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. 

ബില്ലിനെ പിന്തുണയ്ക്കുമെന്ന് ജെഡിയു വ്യക്തമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 63 അം​ഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി മൂന്ന് എംപിമാരുള്ള ശിവസേന ചുവടുമാറ്റിയെങ്കിലും ബില്ലിന് എതിര്‍ത്ത് വോട്ടു ചെയ്യുമോ അതോ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുമോയെന്ന് വ്യക്തമല്ല. 

തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും ഉള്‍പ്പെടെ ഇരു മുന്നണികളിലുമില്ലാത്ത 39 അംഗങ്ങള്‍ ബില്ലിനെ എതിര്‍ക്കും. ടിആര്‍എസ് ബില്ലിനെ എതിര്‍ക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കും. ടിഡിപി, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഭരണപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു. ഏഴ് സ്വതന്ത്രരും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്‍ 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ലോക്സഭ പാസാക്കിയത്.