ആളിക്കത്തുന്ന പ്രതിഷേധം: അസമില്‍ പൊലീസ് വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്, മേഘാലയയിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 08:33 PM  |  

Last Updated: 12th December 2019 11:01 PM  |   A+A-   |  

ചിത്രം: പിടിഐ

 

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിന് എതിരെ അസമില്‍ നടന്നുവരുന്ന പ്രതിഷേത്തില്‍ രണ്ടുമരണമെന്ന് റിപ്പോര്‍ട്ട്. പൊലീസ് വെടിവെയ്പ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ മരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരാണ് മരിച്ചത്. ഗുവാഹത്തിയിലെ വ്യത്യസ്ത ഇടങ്ങളില്‍ നടന്ന വെടിവെയ്പ്പിലാണ് രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 

അസമിനും ത്രിപുരക്കും പിന്നാലെ പ്രതിഷേധം കനക്കുന്ന മേഘാലയയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ സമയത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. 

അസമിലെ പത്തു ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. അസമിലും ത്രിപുരയിലും കൂടുതല്‍ സായുധ സേനയെ വിന്യസിച്ചു. ഗുവാഹത്തിയില്‍ സൈന്യം  ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വീടിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. 

ദീബ്രുഘട്ടിലേക്കും ഗുവഹാത്തിയിലേക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്പനികള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിലച്ചിരിക്കുകയാണ്. അസമില്‍ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ശാന്തമാകണമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.