നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ 16 ന് ?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ ; സജ്ജരായിരിക്കാന്‍ നിര്‍ദേശം

ആരാച്ചാര്‍മാരെ നല്‍കണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തു ലഭിച്ചതായി യുപി ജയില്‍ ഡയറക്ടര്‍ ജനറല്‍ സ്ഥിരീകരിച്ചു
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ 16 ന് ?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ ; സജ്ജരായിരിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 16 ന് നടന്നേക്കും. വധശിക്ഷ നടപ്പാക്കുന്നതിനായി രണ്ട് ആരാച്ചാര്‍മാരുടെ സേവനം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ അധികാരികള്‍ക്ക് കത്തയച്ചു. കേസിലെ പ്രതി പവന്‍ ഗുപ്തയെ ഡല്‍ഹി മന്‍ഡോളി ജയിലില്‍ നിന്നും തീഹാറിലേക്ക് മാറ്റിയതിന് പിന്നാലെയാണ് തീഹാര്‍ ജയില്‍ അധികൃതര്‍ കത്തയച്ചത്. ഞായറാഴ്ച രാത്രിയാണ് പവന്‍ ഗുപ്തയെ തീഹാറിലേക്ക് മാറ്റിയത്.

ആരാച്ചാര്‍മാരെ നല്‍കണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തു ലഭിച്ചതായി യുപി ജയില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ അനന്ത് കുമാര്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ ഒമ്പതിനാണ് കത്തു ലഭിച്ചത്. എന്നാല്‍ ഏതുകേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാനാണ് ആരാച്ചാര്‍മാരെ ആവശ്യപ്പെട്ടതെന്നും, എന്നാണ് ശിക്ഷ നടപ്പാക്കുന്നതെന്നും കത്തിലില്ലെന്ന് അനന്ത് കുമാര്‍ പറഞ്ഞു. ആരാച്ചാര്‍മാര്‍ ഏതു നിമിഷവും പൂര്‍ണ്ണസജ്ജരായിരിക്കാനും തീഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുപി ജയില്‍ വകുപ്പിന് കീഴില്‍ രണ്ട് ആരാച്ചാര്‍മാരാണുള്ളത്. ഒരാള്‍ ലക്‌നൗവിലും മറ്റേയാള്‍ മീററ്റിലുമാണെന്നും ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ തന്നെ പ്രതികളുടെ ശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേസില്‍ പ്രതിയായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി പിന്‍വലിച്ചിരുന്നു. ദയാഹര്‍ജിയിലേത് തന്റെ ഒപ്പല്ലെന്നും, ഹര്‍ജി നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിനയ് ശര്‍മ്മ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയാല്‍ ഉടന്‍ തന്നെ ശിക്ഷ നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

പവന്‍ ഗുപ്തയ്ക്ക് പുറമെ, നിര്‍ഭയ കേസിലെ മറ്റു പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് എന്നിവര്‍ തീഹാര്‍ ജയിലിലാണുള്ളത്.ശിക്ഷ നടപ്പാക്കുന്നതിനായി തീഹാര്‍ ജയില്‍ അധികൃതര്‍ ബീഹാറിലെ ബുക്‌സര്‍ ജയില്‍ അധികൃതരോട് 10 തൂക്കുകയര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വധശിക്ഷയ്ക്ക് മുന്നോടിയായി ജയില്‍ അധികൃതര്‍ ഡമ്മി പരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വധശിക്ഷ നടപ്പക്കാന്‍ സന്നദ്ധനാണെന്ന് വ്യക്തമാക്കി, തമിഴ്‌നാട്ടിലെ ഹെഡ്‌കോണ്‍സ്റ്റബിളും, ഷിലയില്‍ നിന്നുള്ള പച്ചക്കറി വ്യാപാരിയും നേരത്തെ രംഗത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com