മമതയെപ്പോലെ ചങ്കുറപ്പ് കാണിക്കണം; പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയാല്‍ രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ്
മമതയെപ്പോലെ ചങ്കുറപ്പ് കാണിക്കണം; പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയാല്‍ രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ഭോപ്പാല്‍: പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ്. പൗരത്വ ഭേദഗതി ബില്ലും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെപ്പോലെ മധ്യപ്രദേശ് സര്‍ക്കാരും ചങ്കുറപ്പ് കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

'മധ്യപ്രദേശ് സര്‍ക്കാര്‍ നിയമത്തോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ നിയമസഭയില്‍ ഞാന്‍ തുടരില്ല. എന്‍ആര്‍സിക്കും സിഎബിക്കും എതിരെ എല്ലാവരും ഒരുപോലെ തെരുവിലിറങ്ങി അക്രമ രഹിത പ്രതിഷേധങ്ങള്‍ നടത്തണം. ഇത് ഭോപ്പാലില്‍ നിന്ന് ആരംഭിക്കണം'- അദ്ദേഹം പറഞ്ഞു. 

ബില്ല് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേള മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

അതേസമയം, ദേശീയ രൗരത്വ ഭേദതഗതി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു. ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിവാദ ബില്‍ പാസ്സായിരുന്നു. പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ 31നുമുമ്പ് പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക്  ഇന്ത്യന്‍പൗരത്വം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com