ഡൽഹിയും കത്തുന്നു; ജാമിയ മിലിയയിൽ പൊലീസ് വെടിവെയ്പ്; പ്രതിഷേധം അക്രമാസക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ അക്രമാസക്തം
ഡൽഹിയും കത്തുന്നു; ജാമിയ മിലിയയിൽ പൊലീസ് വെടിവെയ്പ്; പ്രതിഷേധം അക്രമാസക്തം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ അക്രമാസക്തം. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവച്ചു. ജാമിയ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ അ​ഗ്നിക്കിരയാക്കി.

ബസുകൾ കത്തിച്ചതിന് പുറമെ അ​ഗ്നിശമന സേനയുടെ വാഹനങ്ങളും പ്രതിഷേധക്കാർ തകർത്തിരുന്നു. അഗ്നിമന സേനാംഗങ്ങള്‍ക്കു നേരെയുണ്ടായ കല്ലേറിൽ ഒരാള്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഡൽഹിയിലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവടങ്ങളിലും അക്രമം അരങ്ങേറി.

അതേസമയം ബസുകൾ കത്തിച്ചതും അക്രമം കാട്ടിയതും തങ്ങളല്ലെന്നും ഇന്നത്തെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ പുറത്ത് നിന്ന് എത്തിയവരാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

നേരത്തെ ബംഗാളില്‍ വ്യാപക അക്രമമാണുണ്ടായത്. അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അസമിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് അക്രമങ്ങളില്‍  മരിച്ചവരുടെ എണ്ണം അഞ്ചായി.

അതിനിടെ ബംഗാളില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംസ്ഥാനത്തെ സ്ഥിതി ബോധ്യപ്പെടുത്തി.  ക്രമസമാധാന നില തകര്‍ന്ന ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും സംഘര്‍ഷമുണ്ടാക്കുന്നവരെ അവരുടെ വേഷങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡില്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ സൂചിപ്പിച്ചു. തന്നെ സമീപിച്ച മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയോട് ക്രിസ്മസ് കഴിഞ്ഞ് വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്ന് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com