ഷര്‍ട്ടൂരി അര്‍ധനഗ്നരായി ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ; അലിഗഡ് യൂണിവേഴ്‌സിറ്റി ഒഴിപ്പിക്കുന്നു ; യുപിയില്‍ ആറു ജില്ലകളില്‍ നിരോധനാജ്ഞ

പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അസമില്‍ ഇന്റര്‍നെറ്റ് നിരോധനം 24 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്
ഷര്‍ട്ടൂരി അര്‍ധനഗ്നരായി ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ; അലിഗഡ് യൂണിവേഴ്‌സിറ്റി ഒഴിപ്പിക്കുന്നു ; യുപിയില്‍ ആറു ജില്ലകളില്‍ നിരോധനാജ്ഞ


ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡിലും ഡല്‍ഹിയിലും വീണ്ടും പ്രതിഷേധം. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങള്‍ ഊരി അര്‍ധനഗ്നരായാണ് തെരുവില്‍ പ്രതിഷേധിച്ചത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും ഡല്‍ഹി പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ടുമാണ് വിദ്യാര്‍ത്ഥികളുടെ സമരം.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാര്‍ഥികള്‍ ഷര്‍ട്ടുകള്‍ ധരിക്കാതെയാണ് സര്‍വകലാശാല ഗേറ്റിന് മുന്നിലെ സമരത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. ജാമിയ മിലിയ സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ ഹോസ്റ്റലുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി.

അതിനിടെ, കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. എല്ലാ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച തന്നെ വീടുകളിലേക്ക് അയക്കുമെന്ന് പൊലീസ് മേധാവി ഒ പി സിങ് പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് യുപിയില്‍ ആറ് ജില്ലകളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ അക്രമത്തിന് പിന്നാലെയാണ് അലിഗഢ് മുസ്ലീം സര്‍വകലാശാലയിലും വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ 15 ഓളം പൊലീസുകാര്‍ക്കും 30 ഓളം വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ജാമിയ മിലി, അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ടാറ്റ  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്.

കേരളത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡല്‍ഹി പൊലീസ് അതിക്രമത്തിലും പൗരത്വ ബില്ലിനെതിരെയും പ്രതിഷേധിക്കുകയാണ്. പൗരത്വ ബില്ലിനെതിരെ പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്. എബിവിപി ഒഴികെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അസമില്‍ ഇന്റര്‍നെറ്റ് നിരോധനം 24 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com