ഇന്ത്യ വീണ്ടും താഴേക്ക്, സ്ത്രീപുരുഷ സമത്വത്തില്‍ നാല് സ്ഥാനങ്ങള്‍ പിന്നോട്ട്; ഇനിയും കാത്തിരിക്കണം 

ബംഗ്ലാദേശ് (50), ഇന്തൊനേഷ്യ (85), ബ്രസീല്‍ (92), നേപ്പാള്‍ (101), ശ്രീലങ്ക (102), ചൈന (106) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം
ഇന്ത്യ വീണ്ടും താഴേക്ക്, സ്ത്രീപുരുഷ സമത്വത്തില്‍ നാല് സ്ഥാനങ്ങള്‍ പിന്നോട്ട്; ഇനിയും കാത്തിരിക്കണം 

സ്ത്രീകളുടെ ആരോഗം, അതിജീവനം, സാമ്പത്തിക രംഗത്തെ പ്രാതിനിധ്യം എന്നീ കാര്യങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനം ഇന്ത്യയെ സ്ത്രീപുരുഷ സമത്വത്തില്‍ വീണ്ടും പിന്നോട്ടടിച്ചു. ലോക സാമ്പത്തിക ഫോറത്തിന്റെ പുതിയ റാങ്കിങ്ങില്‍ നാല് സ്ഥാനങ്ങള്‍ പിന്നോട്ടുപോയ ഇന്ത്യ നിലവില്‍ 112-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 108-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 

ലോകത്തില്‍ ഏറ്റവുമധികം ലിംഗ സമത്വം നിലനില്‍ക്കുന്ന രാജ്യം ഐസ് ലാന്‍ഡാണ്. ബംഗ്ലാദേശ് (50), ഇന്തൊനേഷ്യ (85), ബ്രസീല്‍ (92), നേപ്പാള്‍ (101), ശ്രീലങ്ക (102), ചൈന (106) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. യെമന്‍, ഇറാഖ്, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് അവസാന മൂന്ന് സ്ഥാനങ്ങളിലുള്ളത്. പാക്കിസ്താന്‍ 151-ാമതും യെമന്‍ അവസാന സ്ഥാനമായ 153-ാം റാങ്കിലുമാണ്.

ലോകത്ത് സ്ത്രീപുരുഷ സമത്വമുണ്ടാകാന്‍ 108വര്‍ഷം കാത്തിരിക്കണമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടെങ്കില്‍ ഈ വര്‍ഷം കാത്തിരിപ്പ് 99.5വര്‍ഷമായി കുറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിലെ സ്ത്രീസാന്നിധ്യത്തിലാണ് ഈ വര്‍ഷം കാര്യമായ പുരോഗമനം കണ്ടത്. ഈ രംഗത്ത് സമത്വത്തിലേക്കെത്താന്‍ ഇനി 95 വര്‍ഷം വേണമെന്നാണ് കണ്ടെത്തല്‍. മുന്‍വര്‍ഷത്തില്‍ ഇത് 107വര്‍ഷമെന്നായിരുന്നു. 

2006ല്‍ 98-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി റാങ്കിങ്ങില്‍ താഴേക്കാണ്. സാമ്പത്തിക രംഗത്ത് സ്ത്രീകളുടെ അവസരങ്ങള്‍ ഇന്ത്യയില്‍ വളരെ കുറവാണെന്നും കമ്പനികളുടെ നേതൃപദവിയിലെ സ്ത്രീ സാന്നിധ്യം കുറവാണെന്നും റാങ്കിങ്ങില്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്‍മാരുടെ വരുമാനത്തിന്റെ അഞ്ചില്‍ ഒന്ന് മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്ന വരുമാനമെന്നും ലോകത്തിലെ ഏറ്റവും കുറഞ്ഞ അനുപാതമാണ് ഇതന്നും പരാമര്‍ശിക്കപ്പെട്ടു. 114 ആണ് ഇതില്‍ ഇന്ത്യയുടെ സ്ഥാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com